Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ട് നിരോധനം നിർദയമായ സാമ്പത്തിക ആഘാതം ; അരവിന്ദ് സുബ്രഹ്മണ്യന്റെ വെളിപ്പെടുത്തൽ

Arvind Subramanian

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമ്പദ്ഘടനയെ 2 വർഷത്തോളം തളർത്തിയ നിർദയമായ സാമ്പത്തിക ആഘാതമായിരുന്നു നോട്ട് നിരോധനമെന്ന് പ്രധാനമന്ത്രിയുടെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ. 2016 നവംബർ 8 ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനത്തെ താൻ പിന്തുണച്ചിരുന്നില്ലെന്നും അസംഘടിത വിഭാഗങ്ങളുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് ആകുലനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, തീരുമാനമെടുക്കും മുമ്പ് തന്നോട് ആലോചിച്ചിരുന്നോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഉടൻ പ്രസിദ്ധീകരിക്കുന്ന ‘ഓഫ് കൗൺസൽ – ദ് ചാലഞ്ചസ് ഓഫ് മോദി–ജയ്റ്റ്ലി ഇക്കോണമി’ എന്ന പുസ്തകത്തിലാണ് നോട്ട് നിരോധനത്തിന്റെ ആഘാതത്തെക്കുറിച്ച് മുൻ ഉപദേഷ്ടാവ് മനസ്സ് തുറന്നത്. സാമ്പത്തിക വളർച്ചയെ ഏങ്ങനെ ബാധിച്ചുവെന്നല്ല, അതിന്റെ ഫലവ്യാപ്തി ചർച്ച ചെയ്യുന്നതിലാണ് എല്ലാവരും സമയം പാഴാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ് രംഗം തളർച്ചയുടെ സൂചനകൾ കാട്ടിത്തുടങ്ങിയ സമയത്താണ് കനത്ത ആഘാതമായി നോട്ട് നിരോധനം വന്നത്. മൊത്തം ആഭ്യന്തര ഉൽപാദനം കുത്തനെ ഇടിയാൻ ഇതിടയാക്കി. നോട്ട് നിരോധനത്തിനു തൊട്ടു മുൻപുള്ള 6 പാദങ്ങളിലും (18 മാസം) 8.1% വളർച്ച ഉണ്ടായിരുന്നത് പിന്നീടുള്ള 7 (21 മാസം) പാദങ്ങളിൽ 6.2% ആയി ഇടിഞ്ഞു. പലിശനിരക്ക് ഉയർന്നതും ജിഎസ്ടിയും എണ്ണവില വർധനയുമെല്ലാം ഈ ആഘാതം വർധിപ്പിച്ചു – ദ് ടു പസിൽസ് ഓഫ് ഡിമോണിറ്റൈസേഷൻ – പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് എന്ന അധ്യായത്തിൽ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നു. അസാധാരണ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന അവസാനശ്രമമായ നോട്ട് നിരോധനം ഇന്ത്യയിൽ എന്തിനു പ്രയോഗിച്ചുവെന്നത് തനിക്ക് ഇനിയും മനസ്സിലാക്കാനാവാത്ത കടങ്കഥയാണെന്നും അദ്ദേഹം പറയുന്നു.