ന്യൂഡൽഹി ∙ സർക്കസുകളിൽ മൃഗങ്ങളുടെ പ്രദർശനവും അഭ്യാസ പ്രകടനങ്ങളും വിലക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരടു നയം പുറത്തിറക്കി. പൊതുജനാഭിപ്രായം തേടിയ ശേഷം ഒരു മാസത്തിനകം ഇതു സംബന്ധിച്ച വിജ്ഞാപനമിറങ്ങുന്നതോടെ കുതിര, ആന, നായ എന്നിവയുൾപ്പെടെ സർക്കസുകളിൽ ഉപയോഗിക്കുന്ന എല്ലാ മൃഗങ്ങൾക്കും വിലക്കു പ്രാബല്യത്തിൽ വരും.
കടുവ, പുലി, കുരങ്ങ്, കരടി എന്നിവയ്ക്കു നിലവിൽ വിലക്കുണ്ട്. മറ്റു വിനോദ പരിപാടികളിലും മൃഗങ്ങളുടെ പ്രദർശനവും പ്രകടനവും തടയും. മൃഗങ്ങൾ ഒഴിവാകുന്നതോടെ സർക്കസിന്റെ ജനപ്രീതി ഇടിയുമെങ്കിലും വിദേശ രാജ്യങ്ങളിൽ നിലവിലുള്ള നിയമത്തിനു തുല്യമാണിതെന്നും പുരോഗമന നടപടിയാണെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.