Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കർഷകർക്കു പിന്തുണ; ഒരേ സ്വരത്തിൽ പ്രതിപക്ഷം

rahul-gandhi

ന്യൂഡൽഹി ∙ പ്രതിപക്ഷത്തിന്റെ പൂർണപിന്തുണ കർഷകർക്കു വാഗ്ദാനം ചെയ്യുന്നതായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസംഗം. ഇനി രാജ്യം ഭരിക്കാൻ പോകുന്നത് ഒരു വ്യക്തിയോ പാർട്ടിയോ അല്ല, കർഷകരും യുവാക്കളുമായിരിക്കുമെന്ന രാഹുലിന്റെ വാക്കുകൾക്കു വേദിയിലും സദസ്സിലും നിറഞ്ഞ കയ്യടിയായിരുന്നു. പ്രതിപക്ഷ ഐക്യത്തിനു പുതിയമുഖം സമ്മാനിക്കുന്നൊരു പ്രസ്താവനയായി ഇതു മാറിയതോടെ മറ്റു നേതാക്കൾക്കും ഉൽസാഹമായി.

കർഷക റാലിയിൽ നിന്ന്:

∙ രാഹുൽ ഗാന്ധി

എന്തെങ്കിലും സൗജന്യം നൽകാനല്ല കർഷകർ ആവശ്യപ്പെടുന്നത്. 15 വമ്പൻ വ്യവസായികളുടെ 3.5 ലക്ഷം കോടി വായ്പ എഴുതിത്തള്ളിയ സർക്കാരിന് എന്തുകൊണ്ടാണു കർഷകരുടെ വായ്പ എഴുതിത്തള്ളാൻ കഴിയാത്തത്. കർഷകർക്കു ബോണസും കുറഞ്ഞ താങ്ങുവിലയുമെല്ലാം വാഗ്ദാനം ചെയ്താണു മോദി അധികാരത്തിലേറിയത്. പൊള്ളയായ പ്രസംഗങ്ങളല്ലാതെ മറ്റൊന്നും നൽകിയതായി കാണുന്നില്ല.

∙ സീതാറാം യച്ചൂരി

എല്ലാ പോക്കറ്റടിക്കാർക്കും ഒരു സഹായി ഉണ്ടാവുമെന്നു പറയ‌ും പോലെയാണു നരേന്ദ്ര മോദിയുടെ കാര്യം. മോദി പോക്കറ്റടിക്കും, അമിത് ഷാ സഹായിക്കും. ബിജെപിയെ പുറത്താക്കി പകരം സർക്കാർ അധികാരത്തിൽ വരും. പാർലമെന്റിൽ കർഷകരുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന സർക്കാരായിരിക്കും അത്.

∙ അരവിന്ദ് കേജ്‌രിവാൾ

കർഷകർ പട്ടിണികിടക്കുന്ന രാജ്യം ഒരിക്കലും വിജയിക്കില്ല. കേന്ദ്രത്തിന്റെ വിള ഇൻഷുറൻസ് പദ്ധതി തട്ടിപ്പാണ്. കർഷക വായ്പ എഴുതിത്തള്ളണം.

∙ ഫാറൂഖ് അബ്ദുല്ല

കർഷകസമരത്തിൽ കാണുന്ന ഈ ഐക്യം ബിജെപി സർക്കാരിനെ തൂത്തെറിയാനുള്ളതാണ്. കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമാണ്. എക്കാലവും അങ്ങനെതന്നെ ആയിരിക്കും. കർഷകരുടെ അവകാശങ്ങൾക്കു പിന്തുണ നൽകി എന്നു കശ്മീരികൾ കൂടെയുണ്ടാവും.