ഇറ്റാനഗർ ∙ പൂർണ ഗർഭിണിയെ ആശുപത്രിയിൽ എത്തിക്കാൻ ഗവർണർ ഹെലികോപ്റ്റർ വിട്ടുനൽകി. അരുണാചൽ പ്രദേശ് ഗവർണർ റിട്ട. ബ്രിഗേഡിയർ ബി.ഡി. മിശ്രയാണു സമയോചിത പ്രവർത്തനത്തിലൂടെ ജീവൻ രക്ഷിച്ചത്. ആശുപത്രിയിൽ എത്തിച്ച യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.
തവാങ്ങിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഗവർണർ. ഒരു ഗർഭിണി ഗുരുതരാവസ്ഥയിലാണെന്നും ഗുവാഹത്തിയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് മുടങ്ങിയതിനാൽ ആശുപതിയിൽ എത്തിക്കാനാകുന്നില്ലെന്നും സ്ഥലം എംഎൽഎ ചടങ്ങിനെത്തിയ മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിനോടു പരാതിപ്പെടുന്നതു ഗവർണർ കേട്ടു.
തനിക്കൊപ്പം ഗർഭിണിയെയും ഭർത്താവിനെയും ആശുപത്രിയിലെത്തിക്കാമെന്നായി ഗവർണർ. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ തവാങ്ങിൽ നിർത്തിയാണ് ഇവരെ കയറ്റിയത്. തവാങ്ങിൽനിന്ന് ഇറ്റാനഗറിലേക്ക് 200 കിലോമീറ്ററേയുള്ളൂവെങ്കിലും റോഡ് മാർഗം പോകാൻ 15 മണിക്കൂർ വേണം. ഹെലികോപ്റ്ററിൽ 2 മണിക്കൂറും. യാത്രയ്ക്കിടെ അസമിലെ തേസ്പുരിൽ കോപ്റ്റർ ഇന്ധനം നിറയ്ക്കാനിറക്കി.
ഇതിനിടെ കോപ്റ്ററിനു തകരാറുള്ളതായി പൈലറ്റ് കണ്ടെത്തിയതോടെ യാത്ര മുടങ്ങി. സ്ഥിതി ഗുരുതരമായതിനാൽ തേസ്പുരിലെ വ്യോമതാവളത്തിലേക്കു ഗവർണർ നിർദേശം നൽകി അടിയന്തരമായി മറ്റൊരു കോപ്റ്റർ എത്തിച്ചു. ഇരുവരെയും ഇറ്റാനഗറിലേക്ക് അയച്ച ശേഷം മറ്റൊരു കോപ്റ്ററിലാണു ഗവർണർ മടങ്ങിയത്. ഗർഭിണി എത്തിയാൽ ഉടൻ ആശുപത്രിയിലേക്കു മാറ്റുന്നതിനായി രാജ്ഭവനിൽ ആംബുലൻസും ഡോക്ടറെയും സജ്ജമാക്കിയിരുന്നു.