Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്കു പ്രളയ മുന്നറിയിപ്പുമായി ചൈന: അരുണാചലിൽ ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു

SIANG-SANGAM അരുണാചൽ പ്രദേശിലെ സിയാങ് നദി (ഫയൽ ചിത്രം)

ഇറ്റാനഗർ∙ ടിബറ്റിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഇന്ത്യയ്ക്കു ചൈനയുടെ ജാഗ്രതാ നിര്‍ദേശം. അസം, അരുണാചൽ സംസ്ഥാനങ്ങളിൽ പ്രളയ മുന്നറിയിപ്പാണ് ചൈന നൽ‌കിയിട്ടുള്ളത്. അരുണാചലിൽ സിയാങ് നദിയുടെ തീരങ്ങളിൽ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ടിബറ്റിൽ കൃത്രിമ തടാകം നിർമിക്കുന്നതിനുള്ള ചൈനയുടെ ശ്രമങ്ങൾക്കിടെയാണു മണ്ണിടിച്ചിലുണ്ടായത്.

ശനിയാഴ്ച രാവിലെ 7.30ന് കിഴക്കൻ സിയാങ് ജില്ലയിലെ പസിഗട്ടിൽ ജലപ്രവാഹം എത്തിയതായി ജലവിഭവ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാവിലെ 11വരെ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്നും ജലനിരപ്പ് അപകട നിലയ്ക്കു താഴെയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സിയാങ് നദിയിലെ ജലനിരപ്പിലെ മാറ്റങ്ങൾ അധികൃതർ നിരീക്ഷിച്ചുവരികയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഘം മേഖലയിൽ എത്തിയിട്ടുണ്ട്. 

സുരക്ഷയ്ക്കാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി കേന്ദ്രമന്ത്രി കിരൺ റിജ്ജു അറിയിച്ചു. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ സിയാങ് നദിയിലെ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും പിന്നീട് ഇതു കുറഞ്ഞെന്ന് അരുണാചൽ ആരോഗ്യ മന്ത്രി അലോ ലിബാങ് പറഞ്ഞു. ബുധനാഴ്ചയാണ് ടിബറ്റിലെ യാലുസാങ്ബു നദിയിൽ മണ്ണിടിച്ചിലുണ്ടായത്. ഈ നദി തന്നെ അരുണാചൽ പ്രദേശിലെത്തുമ്പോൾ സിയാങ്ങെന്നും അസമിൽ ബ്രഹ്മപുത്രയെന്നുമാണ് അറിയപ്പെടുന്നത്. നദിയിലെ ജലപ്രവാഹം സംബന്ധിച്ച് ഓരോ മണിക്കൂറിലും ഇന്ത്യയ്ക്ക് ചൈന വിവരം നൽകുന്നുണ്ട്.