ബ്യൂനസ് ഐറിസ് (അർജന്റീന)∙ ഐക്യരാഷ്ട്ര സംഘടന, ലോക വ്യാപാര സംഘടന തുടങ്ങിയ ബഹുരാഷ്ട്ര സംഘടനകൾ ആഗോള സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് എല്ലാ രാജ്യങ്ങളുടെയും അഭിവൃദ്ധിക്കായി വേണ്ട നയപരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് റഷ്യ, ഇന്ത്യ, ചൈന ( റിക്) എന്നീ രാജ്യങ്ങളുടെ നേതാക്കൾ ആവശ്യപ്പെട്ടു.
ജി–20 ഉച്ചകോടിയുടെ ഇടവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എന്നിവർ സമ്മേളിച്ചാണു 3 രാഷ്ട്രങ്ങൾക്കും താൽപര്യമുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തത്. 12 വർഷത്തിനു ശേഷമാണ് റിക് ത്രിരാഷ്ട്ര ചർച്ച നടന്നത്.
ഇതിനിടെ, ജി–20 ഉച്ചകോടിയുടെ ഇടവേളയിൽ ജപ്പാൻ ,അമേരിക്ക, ഇന്ത്യ എന്നീ 3 രാഷ്ട്രങ്ങളുടെ നേതാക്കളും ആദ്യമായി ഒന്നിച്ചു കൂടി ഇന്തൊ – പസഫിക് മേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. ഈ ചർച്ചയ്ക്ക് ‘ജയ്’ എന്ന പേര് നിർദേശിച്ചതു പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 3 രാജ്യങ്ങളുടെയും പേരുകളുടെ ആദ്യാക്ഷരങ്ങൾ ചേർന്നുള്ള ‘ജയ്’ എന്ന വാക്കിനു ഹിന്ദിയിൽ ‘വിജയം’ എന്നാണർഥമെന്നു മോദി പറഞ്ഞു.
ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എന്നിവരുമായി മോദി നടത്തിയ ചർച്ച ഇന്തൊ – പസഫിക് മേഖലയിൽ ചൈന സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ്.
സാമ്പത്തിക കുറ്റവാളികളെ കുടുക്കാൻ ഇന്ത്യ
ബ്യൂനസ് ഐറിസ്∙ സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പിടികിട്ടാപ്പുള്ളികളെ കൈകാര്യം ചെയ്യുന്നതിൽ ശക്തമായി സഹകരിക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള 9 ഇന അജൻഡ ജി–20 ഉച്ചകോടിയുടെ പരിഗണനയ്ക്കായി ഇന്ത്യ സമർപ്പിച്ചു. ഇത്തരക്കാർ നേടിയ സ്വത്ത് മരവിപ്പിക്കുന്നതിലും അഭയം നൽകുന്നതു തടയുന്നതിലും മാതൃരാജ്യത്തേക്ക് വേഗം തിരിച്ചയയ്ക്കുന്നതിലും സഹകരണം ആവശ്യപ്പെടുന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിച്ച അജൻഡ.
കള്ളപ്പണം വെളുപ്പിക്കൽ, ഭീകരർക്കു സാമ്പത്തിക സഹായം നൽകൽ തുടങ്ങിയവ തടയുന്നതിനായുള്ള എഫ്എടിഎഫിന് ഇക്കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം നൽകണമെന്നും നിർദേശമുണ്ട്.
2022ലെ ജി20 ഇന്ത്യയിൽ
ബ്യൂനസ്ഐറിസ്∙ 2022ലെ ജി20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥ്യം വഹിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 2021ൽ ഇന്ത്യയിലും 2022ൽ ഇറ്റലിയിലുമാണ് ഉച്ചകോടി നിടക്കേണ്ടിയിരുന്നത്. എന്നാൽ സ്വാതന്ത്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന 2022ൽ ജി 20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാൻ അവസരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇറ്റലി അംഗീകരിക്കുകയായിരുന്നു.