Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോരക്ഷയുടെ പേരിൽ നിയമരാഹിത്യം: സുപ്രീം കോടതി ഉത്തരവ് നിഷ്ഫലം

Supreme Court

ന്യൂഡൽഹി ∙ ഗോരക്ഷയുടെ പേരിൽ നിയമം കൈയിലെടുക്കുന്നതിനെതിരെ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാകുന്നില്ല എന്നതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ ഉത്തർ പ്രദേശിൽ സംഭവിച്ചത്. ഈ വർഷം ജൂലൈയിൽ സുപ്രീം കോടതി ആൾക്കൂട്ടക്കൊലയ്ക്കെതിരെ നിയമം പാസാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദേശിച്ചിരുന്നതാണ്. എല്ലാ സംസ്ഥാനങ്ങളും ഇത് കർശനമായി നടപ്പാക്കണം എന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ അടക്കം 2 പേരുടെ ജീവനാണ് ഇതുമായി ബന്ധപ്പെട്ടു നഷ്ടപ്പെട്ടത്.

ഇത്തരം കേസുകളിൽ അതിവേഗം വിചാരണ നടത്താനും ശിക്ഷ വിധിക്കാനും ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണം എന്നും കോടതി ഉത്തരവിട്ടിരുന്നതാണ്. ഒരു കേസും 6 മാസത്തിനകം നീളാൻ പാടില്ല. ഓരോ ജില്ലയിലും ആൾക്കൂട്ടക്കൊല തടയാൻ പ്രത്യേകം പൊലീസ് ഓഫിസർമാരെ നിയമിക്കണമെന്നും കോടതി നിഷ്കർഷിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാൻവിൽക്കർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവരുടെ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസർക്കാർ ഈ നിയമ നിർമാണത്തിനായി 2 സമിതികളെയും നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ സമിതിയും 4 വകുപ്പുകളുടെ സെക്രട്ടറി തലത്തിലുള്ള സമിതിയും.
ഉത്തർപ്രദേശിൽ ഇന്നലെ ഉണ്ടായത് ആ സംസ്ഥാനത്ത് ഈ വർഷം നടക്കുന്ന പത്താമത്തെ സംഭവമാണ്. രാജ്യത്തെ 29 സംസ്ഥാനങ്ങളിൽ 19 ലും അടുത്ത കാലത്തായി പശുവിന്റെ പേരിൽ ആൾക്കൂട്ട അക്രമസംഭവങ്ങൾ ഉണ്ടായി. 2017 ൽ 37 പേരും 2018 ൽ 23 പേരുമാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്.

ഏറ്റവും കൂടുതൽ ആൾക്കൂട്ടക്കൊല നടന്ന സംസ്ഥാനങ്ങൾ ഉത്തർപ്രദേശും ഹരിയാനയും രാജസ്ഥാനുമാണ്. ഈ സംസ്ഥാനങ്ങൾ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ഗാന്ധിജിയുടെ കൊച്ചു മകൻ തുഷാർ ഗാന്ധി ഫയൽ ചെയ്ത ഹർജി സുപ്രീം കോടതിയുടെ മുന്നിലുണ്ട്.