Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുര്യൻ ജോസഫിന്റെ വെളിപ്പെടുത്തൽ: അന്വേഷണം വേണമെന്ന് കോൺഗ്രസ്

Rahul Gandhi രാഹുൽ ഗാന്ധി (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചില ബാഹ്യശക്തികളുടെ സ്വാധീനത്തിലാണു പ്രവർത്തിച്ചിരുന്നതെന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ആരോപണം ഏറ്റുപിടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ചൗക്കിദാർ (കാവൽക്കാരൻ) സുപ്രീം കോടതി ജഡ്ജിയെ കോടതിയിലെ തന്റെ പാവയാക്കിയെന്ന് ദീപക് മിശ്രയെ പരാമർശിച്ചു രാഹുൽ കുറ്റപ്പെടുത്തി. സത്യത്തിനു‌മേൽ അധികാരം പിടിമുറുക്കുന്നത് അനുവദിക്കാത്ത സത്യസന്ധരായ ജഡ്ജിമാർക്കു ക്ഷാമമില്ലാത്തതു മോദിയുടെ നിർഭാഗ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

ദീപക് മിശ്രയുടെ പ്രവർത്തനശൈലിക്കെതിരെ മുൻപ് അസാധാരണ മാധ്യമ സമ്മേളനം നടത്തിയ 4 മുതിർന്ന ജഡ്ജിമാരിൽ ഒരാളായ കുര്യൻ ജോസഫ് കഴിഞ്ഞ ദിവസമാണു ആരോപണം ഉന്നയിച്ചത്. ജുഡീഷ്യറിയുടെ ഉന്നത തലങ്ങളിലുള്ള സർക്കാർ ഇടപെടലിനു തെളിവാണു കുര്യൻ ജോസഫിന്റെ വെളിപ്പെടുത്തലെന്നു വിമർശിച്ച കോൺഗ്രസ്, ഇക്കാര്യത്തിൽ പാർലമെന്ററി, ജുഡീഷ്യൽ അന്വേഷണങ്ങൾ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയിൽ അന്യായ ഇടപെടലുണ്ടെന്ന കോൺഗ്രസിന്റെ മുൻ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണു വെളിപ്പെടുത്തലെന്നു പാർട്ടി വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.