ന്യൂഡൽഹി∙ പാക്കിസ്ഥാനെതിരെ 2016 സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ പെരുപ്പിച്ചുകാട്ടുകയും അമിതമായി രാഷ്ട്രീയവൽക്കരിക്കുകയും ചെയ്തെന്ന വടക്കൻ കരസേനാ കമാൻഡ് മുൻ മേധാവി ലഫ്. ജനറൽ (റിട്ട) ഡി.എസ്. ഹൂഡയുടെ പരാമർശം ഏറ്റുപിടിച്ച് കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ചു കോൺഗ്രസ്.
മിന്നലാക്രമണത്തെ രാഷ്ട്രീയ നേട്ടത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചുവെന്നും രാജ്യത്തിന്റെ സേനയെ സ്വന്തം സ്വത്തു പോലെ ഉപയോഗിക്കാൻ അദ്ദേഹത്തിനു നാണമില്ലെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചു. യഥാർഥ സൈനികനെ പോലെ കാര്യങ്ങൾ വെട്ടിത്തുറന്നു പറഞ്ഞ ഹൂഡയെക്കുറിച്ചു രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മിന്നലാക്രമണത്തിനു ചുക്കാൻ പിടിച്ച ഹൂഡ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അമിത രാഷ്ട്രീയവൽക്കരണം ചൂണ്ടിക്കാട്ടിയത്. ഇന്ത്യൻ മണ്ണിൽ അതിക്രമം കാട്ടിയ പാക്കിസ്ഥാനു രൂക്ഷ ഭാഷയിൽ മറുപടി നൽകേണ്ടത് അനിവാര്യമായിരുന്നുവെന്നും അതിന്റെ ഭാഗമായാണു മിന്നലാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഭരണനേതൃത്വത്തിന്റെ അനുമതിയോടെ വലിയ രീതിയിൽ പാക്ക് മണ്ണിൽ മിന്നലാക്രമണം നടത്തുന്നത് ആദ്യമായിരുന്നു. പാക്ക് സേന അക്ഷരാർഥത്തിൽ നടുങ്ങി. എന്നാൽ, മിന്നലാക്രമണത്തെ പെരുപ്പിച്ചു കാട്ടുന്നതു ഭൂഷണമല്ല. അതു രഹസ്യമായി സൂക്ഷിക്കുന്നതാണ് ഉചിതം. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾക്കുള്ള തയാറെടുപ്പുകളെ അതു ബാധിക്കും – ഹൂഡ പറഞ്ഞു.
തരംതാണ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി സർക്കാർ സേനയെ ദുരുപയോഗം ചെയ്തതായി കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി ആരോപിച്ചു.