മലബാർ ഹില്ലിനെ ‘രാംനഗരി’യാക്കണം: ആവശ്യവുമായി ശിവസേന

മുംബൈ∙ മഹാരാഷ്ട്ര ഗവർണറും മുഖ്യമന്ത്രിയുമുൾപ്പെടെയുള്ള പ്രമുഖരുടെയും അതിസമ്പന്നരുടെയും താമസസ്ഥലമെന്നു പ്രശസ്തമായ മലബാർ ഹില്ലിന്റെ പേര് രാംനഗരി എന്നാക്കണമെന്നു ശിവസേന. തലശേരിയിലെ പ്രശസ്തമായ കേയി കുടുംബത്തിന്റെ കൈവശമായിരുന്നതിനാലാണു പ്രദേശത്തിനു മലബാർ ഹിൽ എന്നു പേരുവന്നതെന്നാണു ചരിത്രരേഖകൾ. അതേസമയം, രാമ–ലക്ഷ്മണന്മാർ സീതയെ തേടുന്നതിനിടെ ഇവിടെ വിശ്രമിച്ചു എന്ന് ഐതിഹ്യമുള്ളതിനാൽ പേരുമാറ്റം വേണമെന്നാണു ശിവസേനാ കോർപറേറ്റർ ദിലീപ് ലാൻഡെയുടെ ആവശ്യം.

2013ൽ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കോർപറേറ്റർ ആയിരിക്കെ ഇദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ ശിവസേന എതിർത്തിരുന്നുവെന്നതാണു വൈരുധ്യം. പിന്നീടു ലാൻഡെ പാർട്ടി മാറുകയായിരുന്നു.

പേരുമാറ്റം 13നു ശിവസേനയുടെ നിയന്ത്രണത്തിലുളള മുംബൈ മുനിസിപ്പൽ കോർപറേഷൻ ചർച്ച ചെയ്യും. 

കേയി കുടുംബം

ഇന്ത്യയിലുടനീളം വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്ത തലശേരി കുടുംബം. മുംബൈയിലെ വ്യാപാരികൾ കപ്പൽ ഉടമകളെ വിളിക്കുന്ന ‘കേയി’എന്ന വാക്കിൽ നിന്നാണ് അതു കുടുംബപ്പേരായി മാറിയത്.  മലബാറിൽ നിന്നുവന്ന കടൽക്കൊള്ളക്കാരുടെ പേരിൽ അറിയപ്പെടുന്ന സ്ഥലമാണ് മലബാർ ഹിൽ  എന്ന ശിവസേനയുടെ ആരോപണത്തെയും ചരിത്രകാരന്മാർ എതിർക്കുന്നു. പഴശ്ശിരാജയ്ക്കൊപ്പം നിന്നു പോരാടിയ കേയി കുടുംബത്തെ ബ്രിട്ടിഷുകാർ ‘കൊള്ളക്കാർ’ എന്നു മുദ്രകുത്തുകയായിരുന്നു.

കേയി കുടുംബത്തിലെ മായിൻകുട്ടി 19–ാം നൂറ്റാണ്ടിൽ മക്ക ഹറം പള്ളിക്കു സമീപം മലയാളി ഹാജിമാർക്കായി പണിത കേയി റുബാത്തും (വിശ്രമകേന്ദ്രം) പ്രശസ്തം. പള്ളി വികസനത്തിനായി റുബാത്ത് പൊളിച്ചപ്പോഴുള്ള നഷ്ടപരിഹാരമായ 5,000 കോടിയിലേറെ രൂപ, അനന്തരാവകാശികളെ കാത്ത് ഇപ്പോഴും സൗദി ഖജനാവിലുണ്ട്.