Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവടുമാറ്റത്തിന് ബിജെപി; മോദിയും നേതാക്കളും ജനുവരി മുതൽ രാജ്യവ്യാപക പ്രചാരണത്തിന്

BJP Parliamentary Party meeting ചിന്താഭാരം: പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അഡ്വാനി, മന്ത്രി സുഷമ സ്വരാജ് എന്നിവർ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിനിടെ. ചിത്രം ∙ പിടിഐ

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉൾപ്പാർട്ടി കൂടിയാലോചനകളിലൂടെ സംഘടനയ്ക്ക് ഊർജം പകരാൻ ബിജെപി നേതൃയോഗം തീരുമാനിച്ചു. 

ഹിന്ദി മേഖലയിലുണ്ടാകാനിടയുള്ള അടിയൊഴുക്കുകൾക്കു തടയിടുന്നതിനാവശ്യമായ ചുവടുമാറ്റത്തിനാണു പാർട്ടി തയാറെടുക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 ഉം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്കാണു ലഭിച്ചത്. യുപി ഉൾപ്പെടെ 8 പ്രമുഖ സംസ്ഥാനങ്ങളിൽ നിന്നു മാത്രം നേടിയത് 221 സീറ്റ്. രാമക്ഷേത്രവാദത്തിന്റെ പശ്ചാത്തലത്തിൽ നിലപാടെടുക്കാനും പാർട്ടിക്കു മേൽ സമ്മർദമേറുന്നു.

കോൺഗ്രസിനെയും പ്രതിപക്ഷ ഐക്യത്തെയും ഗൗരവമായി കാണണമെന്ന വികാരം പാർട്ടിയിൽ രൂപപ്പെട്ടിട്ടുണ്ട്. വ്യക്തിപരമായ ആക്രമണങ്ങളൊഴിവാക്കിയും ആരോപണങ്ങൾക്കു കാര്യകാരണ സഹിതം മറുപടി പറഞ്ഞും മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ സന്ദേശം ജനങ്ങളിലെത്തിച്ചും ക്രിയാത്മക പ്രചാരണത്തിലേയ്ക്കു തിരിയാനാണ് അമിത് ഷാ നൽകിയ സന്ദേശം. 

ജനുവരി 11, 12 തീയതികളിൽ ദേശീയ കൗൺസിൽ ചേരും.

പാർട്ടി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ അടുത്ത മാസം 19, 20 തീയതികളിൽ പട്ടികജാതി മോർച്ച യോഗം നാഗ്പുരിൽ. ഫെബ്രുവരി 2,3 തീയതികളിൽ ‌പട്ടികവർഗ മോർച്ച ഭുവനേശ്വറിൽ. ഒബിസി യുവമോർച്ച ഫെബ്രുവരി 15, 16 തീയതികളിൽ പട്നയിലും യോഗം ചേരും.

അമിത് ഷാ രൂപം നൽകുന്ന ദേശീയ കർമപരിപാടികളുടെ ഭാഗമാണു യോഗങ്ങൾ. ജനുവരി മുതൽ പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും രാജ്യവ്യാപകമായി നടത്തുന്ന വിപുല പ്രചാരണപരിപാടികളും ഇതിന്റെ ഭാഗമാണ്.നിയമസഭാ തിരഞ്ഞെടുപ്പു തോൽവികളുടെ പശ്ചാത്തലത്തിലായിരുന്നു യോഗമെങ്കിലും അടുത്ത ലോക്സഭാ തിരഞ്ഞെടു‌പ്പായിരുന്നു മുഖ്യ ചർച്ചാവിഷയമെന്നു പാർട്ടി ജനറൽ സെക്രട്ടറി ഭുപേന്ദ്ര യാദവ് പറഞ്ഞു.

നിറം മങ്ങിയതാര്, മോദിയോ യോഗിയോ?, വിഡിയോ സ്റ്റോറി കാണാം

എന്നാൽ, ഹിന്ദിമേഖലയിലെ പൂർണ തോൽവിയുടെ പശ്ചാത്തലത്തിൽ പാർട്ടിക്കു തന്ത്രങ്ങൾ പുനരാവിഷ്കരിക്കേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പു ഫ‌ലങ്ങളുടെ സമഗ്രവിശകലനത്തിനു പ്രത്യേക യോഗങ്ങൾ പിന്നീടുണ്ടാവുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ എംപി തുടങ്ങിയവരും പങ്കെടുത്തു.

തോൽവി: മിണ്ടാതെ മോദി

ന്യൂഡൽഹി∙ ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ തിരഞ്ഞെടുപ്പു തോൽവിയെക്കുറിച്ചു മൗനം പാലിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ശൈത്യകാല സമ്മേളനത്തിലെ ആദ്യ പാർലമെന്ററി പാർട്ടി യോഗമായിരുന്നു.

ഛത്തീസ്ഗഡ് പിടിച്ചെടുത്ത് കോൺഗ്രസ്, വിഡിയോ സ്റ്റോറി കാണാം

related stories