ന്യൂഡൽഹി ∙ മൂന്നു സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചതോടെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു പിന്നിൽ അണിനിരക്കാൻ തയാറെടുത്തു പ്രതിപക്ഷ നേതാക്കൾ. ഐക്യ പ്രതിപക്ഷ നിരയുടെ ഡ്രൈവിങ് സീറ്റിൽ രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് എം.കെ. സ്റ്റാലിനും (ഡിഎംകെ) തേജസ്വി യാദവും (ആർജെഡി) പിന്തുണ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു.
രാഹുലിന്റെ നേതൃത്വത്തെ തുടക്കം മുതൽ പിന്തുണയ്ക്കുന്ന ടിഡിപി നേതാവ് എൻ. ചന്ദ്രബാബു നായിഡു പ്രതിപക്ഷ നിരയിലെ മറ്റു മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), ഫാറൂഖ് അബ്ദുല്ല (നാഷനൽ കോൺഫറൻസ്), ശരദ് യാദവ് (ലോക്താന്ത്രിക് ജനതാദൾ) എന്നിവരുടെ പിന്തുണയും ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. രാഹുലുമായി ഊഷ്മള ബന്ധമുള്ള എസ്പി നേതാവ് അഖിലേഷ് യാദവിന് അദ്ദേഹത്തിന്റെ നേതൃത്വം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണു കോൺഗ്രസ് കണക്കുകൂട്ടൽ.
കഴിഞ്ഞ ദിവസം ചേർന്ന പ്രതിപക്ഷ യോഗത്തിൽ നിന്നു വിട്ടുനിന്ന് എസ്പിയും മായാവതിയുടെ ബിഎസ്പിയും സമ്മർദം ചെലുത്തിയെങ്കിലും ഹിന്ദി ഹൃദയഭൂമിയിലെ വിജയക്കുതിപ്പ് കോൺഗ്രസിന് അനുകൂല സ്ഥിതിയൊരുക്കുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും മായാവതി നൽകിയ പിന്തുണ യുപിയിലും തുടരുമെന്നുമെന്നാണു കോൺഗ്രസിന്റെ വിലയിരുത്തൽ.
എസ്പിയും ബിഎസ്പിയുമായി സഖ്യം യാഥാർഥ്യമാക്കാൻ ആവശ്യമെങ്കിൽ യുപിയിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയാറാകും. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾക്കു സോണിയ ഗാന്ധിയാണു ചുക്കാൻ പിടിക്കുന്നത്.
പ്രവർത്തകസമിതി അംഗം എ.കെ. ആന്റണിക്കാണു ലോക്സഭാ സഖ്യ രൂപീകരണത്തിന്റെ ചുമതല. മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും പ്രാദേശിക കക്ഷികളുമായുള്ള ചർച്ചകൾക്കു നേതൃത്വം നൽകും. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യം രൂപീകരിക്കുന്നതിനോടു കോൺഗ്രസ് ഡൽഹി ഘടകം എതിരാണ്. എന്നാൽ, അരവിന്ദ് കേജ്‍രിവാൾ ഒപ്പം വേണമെന്ന നിലപാടിൽ ഗുലാം നബിയും അഹമ്മദ് പട്ടേലും ഉറച്ചു നിൽക്കുന്നു. ഇക്കാര്യത്തിൽ രാഹുൽ വൈകാതെ അന്തിമ തീരുമാനമെടുക്കും.