ചെന്നൈ ∙ ബിജെപി വിരുദ്ധ പ്രതിപക്ഷ കൂട്ടായ്മയുടെ പ്രധാനമന്ത്രിസ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വരണമെന്നും എല്ലാ പാർട്ടികളും അദ്ദേഹത്തിനു പിന്തുണ നൽകണമെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ. പ്രതിപക്ഷ ഐക്യത്തിന്റെ വിളംബരമായി മാറിയ, കരുണാനിധി പ്രതിമ അനാച്ഛാദന വേദിയിലാണ് ആഹ്വാനം.
തമിഴ്നാട്ടിൽ കോൺഗ്രസ് സഖ്യകക്ഷിയാണെങ്കിലും പ്രധാനമന്ത്രിസ്ഥാനത്തെക്കുറിച്ച് ഇത്രയുംകാലം ഡിഎംകെ നയം വ്യക്തമാക്കിയിരുന്നില്ല. പ്രതിപക്ഷ ഐക്യശ്രമങ്ങൾക്കു ചുക്കാൻ പിടിക്കുന്നആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു സ്റ്റാലിന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമായി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു. രാഹുൽ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണ സാമി തുടങ്ങിയവരും പങ്കെടുത്തു.