Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയ് കിസാൻ; കോൺഗ്രസിനു പിന്നാലെ കാർഷിക കടം എഴുതിത്തള്ളി ബിജെപിയും

farm-loan-cartoon

ന്യൂഡൽഹി ∙ മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കോൺഗ്രസ് സർക്കാരുകൾ ഭരണമേറ്റ ദിവസം തന്നെ കാർഷിക കടങ്ങൾ എഴുതിത്തള്ളിയതിനു പിന്നാലെ, ബിജെപിയും സമാന പാതയിലേക്ക്. അസമിൽ കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചതിനു പുറമെ, ഒഡീഷയിൽ തിരഞ്ഞെടുപ്പു വാഗ്ദാനമായും ഇക്കാര്യം അവതരിപ്പിച്ചു. ഗ്രാമീണ മേഖലയിലെ വൈദ്യുതി കുടിശിക ഗുജറാത്ത് സർക്കാർ എഴുതിത്തള്ളി. വിവിധ സംസ്ഥാനങ്ങളിലെ കർഷക അനുകൂല പ്രഖ്യാപനങ്ങൾ ഇപ്രകാരം:‌

∙ അസം: കൃഷി വായ്പയുടെ നാലിലൊന്നു വരെ ബാധ്യത എഴുതിത്തള്ളുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പരമാവധി ആനുകൂല്യം 25,000 രൂപ. 600 കോടിയുടെ പദ്ധതി വഴി 8 ലക്ഷം കർഷകർക്കു പ്രയോജനം. കിസാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വായ്പയ്ക്കു 10,000 രൂപ സബ്സിഡി. അടുത്ത സാമ്പത്തിക വർഷം മുതൽ പലിശരഹിത വായ്പയും.

∙ ഒഡീഷ: ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ കടം എഴുതിത്തള്ളുമെന്ന് ബിജെപി. നെല്ലിനു താങ്ങുവില ആവശ്യപ്പെട്ടു ഭരണകക്ഷിയായ ബിജെഡി പാർലമെന്റ് മാർച്ച് നടത്തുന്ന ജനുവരി 8 നു ബിജെപി കർഷകർക്കു കടാശ്വാസം തേടി സെക്രട്ടേറിയറ്റ് ഉപരോധിക്കും.

∙ ഗുജറാത്ത്: 6.22 ലക്ഷം ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി കുടിശിക വേണ്ടെന്നു വയ്ക്കാൻ തീരുമാനം. നാളെ ജസ്ദാൻ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു തിരക്കിട്ട പ്രഖ്യാപനം. നേരത്തേ, കുടിശിക അടയ്ക്കാത്ത ആയിരക്കണക്കിനു പേരുടെ വൈദ്യുതി കണക്‌ഷൻ സർക്കാർ റദ്ദാക്കിയിരുന്നു. 500 രൂപ നൽകിയാൽ ഇവർക്കു വൈദ്യുതി പുനഃസ്ഥാപിക്കും. അധികാരത്തിൽ വന്നാൽ കടം എഴുതിത്തള്ളുമെന്ന് കോൺഗ്രസ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നെങ്കിലും ബിജെപിക്ക് അനുകൂല നിലപാടായിരുന്നില്ല.

∙ ഛത്തീസ്‍ഗഡ്: സർക്കാർ പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയുടെ പ്രയോജനം കഴിഞ്ഞ മാസം 30 വരെ വായ്പയെടുത്ത 16.65 ലക്ഷം കർഷകർക്ക്. സഹകരണ ബാങ്കുകളിൽനിന്നും ഗ്രാമീൺ ബാങ്കിൽ നിന്നുമെടുത്ത 6100 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളും. വാണിജ്യ ബാങ്കുകളിലെ ഹ്രസ്വകാല ക‍ൃഷിവായ്പകളും പരിശോധിച്ച് ആനുകൂല്യം നൽകും. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2500 രൂപയാക്കാനും തീരുമാനിച്ചു. കേന്ദ്ര സർക്കാർ 1750 രൂപ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ അധിക ബാധ്യതയായ 750 രൂപ സംസ്ഥാന സർക്കാർ ഏറ്റെടുക്കും.