ന്യൂഡൽഹി∙ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന കേസിൽ 10 വർഷം തടവുശിക്ഷ അനുഭവിച്ച പിതാവിനെ ഒടുവിൽ ഡൽഹി ഹൈക്കോടതി കുറ്റവിമുക്തനാക്കി. അപമാനിതനായി ജയിലിൽ കഴിഞ്ഞ പിതാവ് മരിച്ചു 10 മാസം കഴിഞ്ഞാണു വിധി. 17 വർഷം മുൻപ് മകൾ നൽകിയ പരാതിയെ തുടർന്നായിരുന്നു ശിക്ഷ. കേസന്വേഷണവും വിചാരണക്കോടതിയുടെ സമീപനവും പൂർണമായി തെറ്റായിരുന്നുവെന്ന് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ആർ.കെ. ഗൗബ വ്യക്തമാക്കി. ഭാര്യ നൽകിയ അപ്പീലിലാണു വിധി.
16 വയസ്സുള്ള മകളെ ഒരു ചെറുപ്പക്കാരൻ തട്ടിക്കൊണ്ടുപോയതായി പിതാവ് ആദ്യം നൽകിയ പരാതിയിൽ അന്വേഷണം നടത്താതിരുന്ന പൊലീസ്, പിന്നാലെ 1996 ജനുവരിയിൽ മകൾ നൽകിയ പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ സമയം പെൺകുട്ടി ഗർഭിണിയായിരുന്നു. എന്നാൽ, ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്ന പിതാവിന്റെ ആവശ്യം പൊലീസോ കോടതിയോ പരിഗണിച്ചില്ല.
1991 മുതൽ പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണു മകളുടെ പരാതിയിൽ ആരോപിച്ചത്. ഇതിനെതിരെ ആരോപിതന്റെ ഭാര്യയും മറ്റു മക്കളും (പെൺകുട്ടിയുടെ അമ്മയും സഹോദരങ്ങളും) രംഗത്തെത്തിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. കേസിന്റെ തുടക്കം മുതൽ ഏകപക്ഷീയമായിരുന്നു പ്രോസിക്യൂഷന്റെയും വിചാരണക്കോടതിയുടെയും നടപടികളെന്നും കോടതിക്കു മുന്നിലെത്തിയ ഒട്ടേറെ വസ്തുതകൾ വിലയിരുത്തപ്പെട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
ഈ വർഷം ഫെബ്രുവരിയിലാണു പിതാവ് മരിച്ചത്. തുടർന്ന് ഭർത്താവിന്റെ നിരപരാധിത്വം തെളിയിക്കാനായി ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രോസിക്യൂഷൻ അവതരിപ്പിച്ച കഥ വിചാരണക്കോടതി കണ്ണടച്ച് അംഗീകരിക്കുകയായിരുന്നുവെന്നു ഹൈക്കോടതി കുറ്റപ്പെടുത്തി.