ഇംഫാൽ∙ മണിപ്പുരിൽ സർക്കാർ തീരുമാനത്തെ വിമർശിച്ച മാധ്യമപ്രവർത്തകനെ ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വർഷം തടങ്കലിലാക്കി. ഝാൻസി റാണിയുടെ ജന്മദിനാചരണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതികരിച്ച പ്രാദേശിക ടിവി ചാനൽ റിപ്പോർട്ടർ കിഷോർചന്ദ് വാങ്കെ (37)മിനെ 12 മാസം തടവിലിടാൻ ജില്ലാ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാസം കിഷോർചന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഝാൻസി റാണിക്ക് മണിപ്പുരുമായി ബന്ധമില്ലെന്നും അവരുടെ പ്രവർത്തനങ്ങൾ മൂലം മണിപ്പുരിന് പ്രയോജനമുണ്ടായിട്ടില്ലെന്നും പറയുന്ന വിഡിയോ റാണിയുടെ ജന്മദിനമായ നവംബർ 19 നാണ് കിഷോർ അപ്‌ലോഡ് ചെയ്തത്. കേന്ദ്ര സർക്കാരിന്റെ കയ്യിലെ പാവയാണ് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് എന്നും വിഡിയോയിൽ പറയുന്നുണ്ട്.
തുടർന്ന് കിഷോറിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ദേശീയ സുരക്ഷാ നിയമ ഉപദേശ ബോർഡ് ആരോപണം പരിശോധിച്ച് കിഷോറിനെ തടവിൽ വയ്ക്കാൻ ശുപാർശ ചെയ്തു. ഗവർണർ നജ്മ ഹെപ്ത്തുല്ല ഇത് അംഗീകരിച്ചു. തുടർന്നാണ് മജിസ്ട്രേട്ടിന്റെ ഉത്തരവുണ്ടായത്. നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കിഷോർ ചന്ദിന്റെ ഭാര്യ രഞ്ജിത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ല.