കൊൽക്കത്ത ∙ ബംഗാളിൽ ബിജെപിക്ക് രഥയാത്രകൾ നടത്താൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി.
ജില്ലാ പൊലീസ് മേധാവികളെ മുൻകൂട്ടി അറിയിക്കണമെന്ന നിബന്ധനയോടെ ജസ്റ്റിസ് തപബ്രത ചക്രവർത്തി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്റ്റിസ് ദേബശിഷ് കർഗുപ്തയും ജസ്റ്റിസ് ശാംപ സർക്കാരും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കൂടി പരിഗണിച്ച് ഹർജിയിൽ വീണ്ടും വാദം കേൾക്കാൻ ജസ്റ്റിസ് തപബ്രതയോടു ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. മുൻതീരുമാനം ഉചിതമാണോയെന്നു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
3 ഘട്ടമായുള്ള രഥയാത്രകൾ 28നു തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. പുതിയ വിധിയോടെ കാര്യം വീണ്ടും അനശ്ചിതത്വത്തിലായി. ഇന്നു മുതൽ 10 ദിവസം ഹൈക്കോടതിക്ക് അവധിയാണ്.