Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഹാറിൽ ബിജെപിയും ജെഡിയുവും 17 വീതം സീറ്റിൽ; എൽജെപി ആറിൽ

bihar-seat-sharing-announcement-amit-shah ബിഹാറിലെ സീറ്റ് വിഭജനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തുന്നു. ചിത്രം: എഎൻഐ ട്വിറ്റർ

ന്യൂഡൽഹി∙ ബിഹാറിൽ ബിജെപി, ജെഡിയു, എൽജെപി കക്ഷികൾ തമ്മിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിൽ ധാരണ. ആകെയുളള 40ൽ ബിജെപിയും ജെഡിയുവും 17 വീതം സീറ്റിൽ മൽസരിക്കും; എൽജെപി ആറിൽ. എൽജെപി നേതാവും കേന്ദ്ര മന്ത്രിയുമായ റാം വിലാസ് പാസ്വാന് എൻഡിഎയുടെ രാജ്യസഭാ സീറ്റ് നൽകും.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ, പാസ്വാൻ എന്നിവർ സംയുക്തമായാണു സഖ്യ പ്രഖ്യാപനം നടത്തിയത്. കോൺഗ്രസ്, ആർജെഡി, ആർഎൽഎസ്പി, ലോക്താന്ത്രിത് ജനതാദൾ, എച്ച്എഎം എന്നിവ കഴിഞ്ഞ ദിവസം വിശാല യുപിഎ സഖ്യം രൂപീകരിച്ചതിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിന്റെ പ്രഖ്യാപനം.

ഇതിനിടെ, പ്രാദേശിക നേതാവ് മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വിഐപി പാർട്ടി യുപിഎക്കൊപ്പം നിൽക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. യുപിഎയുടെ സീറ്റ് വിഭജന ചർച്ച വൈകാതെ ആരംഭിക്കുമെന്നു കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാനത്തു കഴിഞ്ഞ തവണ 22 സീറ്റ് നേടിയ ബിജെപി സഖ്യത്തിനായി തങ്ങളുടെ 5 സിറ്റിങ് സീറ്റുകൾ വിട്ടു നൽകാൻ തയാറായതു ശ്രദ്ധേയം. സീറ്റ് വിഭജനത്തിലുള്ള അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചു പാസ്വാന്റെ മകനും ലോക്സഭാംഗവുമായ ചിരാഗ് പാസ്വാൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ, അമിത് ഷാ, ധനമന്ത്രി അരുൺ ജയ്റ്റ്ലി എന്നിവർ പാസ്വാനും ചിരാഗുമായി നടത്തിയ കൂടിക്കാഴ്ചയിലാണു ധാരണയായത്.

എൻഡിഎയിൽ ഇനിയുണ്ടാകുന്ന ആദ്യ ഒഴിവിൽ പാസ്വാനെ രാജ്യസഭയിലെത്തിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഒൻപതു തവണ ലോക്സഭാംഗമായിട്ടുള്ള പസ്വാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്നു വിട പറയുന്നുവെന്നതിന്റെ സൂചന കൂടിയാണിത്; പാർട്ടിയിൽ ചിരാഗ് നേതൃ പദവിയിലേക്കുയരുന്നതിന്റെയും.

ബിഹാർ ബലപരീക്ഷണം

2014ൽ ബിജെപി, എൽജെപി, ആർഎൽഎസ്പി സഖ്യം ബിഹാറിൽ നേടിയത് 40ൽ 31 സീറ്റുകൾ. 30 സീറ്റിൽ മൽസരിച്ച ബിജെപി 22ൽ ജയിച്ചു. എൽജെപി ആറിൽ ജയിച്ചു ഒന്നിൽ തോറ്റു. ആർഎൽഎസ്പി മൽസരിച്ച മൂന്നിലും ജയിച്ചു. ആർഎൽഎസ്പി യുപിഎയിലേക്കു ചേക്കേറിയപ്പോൾ, ഭരണകക്ഷിയായ ജെഡിയു ഇക്കുറി എൻഡിഎയുടെ ഭാഗമാകും. 2014ൽ രണ്ടു സീറ്റായിരുന്നു ജെഡിയുവിന്റെ സമ്പാദ്യം. ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായ ശിവസേന ബിഹാറിൽ തനിച്ചു മൽസരിക്കും.