ന്യൂഡൽഹി∙ ജനാധിപത്യം എല്ലാത്തിനും ഉപരിയായിരിക്കണമെന്ന് ആഗ്രഹിച്ച നേതാവാണ് അടൽ ബിഹാരി വാജ്പേയിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻപ്രധാനമന്ത്രിയുടെ സ്മരണാർഥമുള്ള 100 രൂപ നാണയത്തിന്റെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘രണ്ടോ അഞ്ചോ വർഷം ഭരണത്തിൽ നിന്നു പുറത്തുനിൽക്കുമ്പോൾ ചിലർക്കു ശ്വാസം മുട്ടും. അധികാരം അവർക്കു പ്രാണവായു പോലെയാണ്. അധികാരം കയ്യാളാതെ വരുമ്പോൾ അസ്വസ്ഥരാകും. ഇപ്പോഴത്തെ രാഷ്ട്രീയ പരിതസ്ഥിതി അങ്ങനെയാണ്’– മോദി പറഞ്ഞു.
രാഷ്ട്രീയ ജീവിതത്തിന്റെ ഏറിയ പങ്കും വാജ്‌പേയി പ്രതിപക്ഷത്തായിരുന്നു. പക്ഷേ, രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയ്ക്ക് ഒരു കുറവുമുണ്ടായില്ല. തനിക്കും പാർട്ടിക്കും മീതെയായി ജനാധിപത്യത്തെ പ്രതിഷ്ഠിച്ചു. ജനസംഘം രൂപീകരിക്കാൻ മുന്നിൽ നിന്ന അദ്ദേഹം നിർണായക ഘട്ടത്തിൽ ജനാധിപത്യം കാത്തുസൂക്ഷിക്കാനായി ജനതാ പാർട്ടിയിൽ ചേർന്നു. അധികാരമോ ആദർശമോ വലുതെന്ന ചോദ്യം വന്നപ്പോൾ ജനത വിട്ടു ബിജെപിക്ക് രൂപം നൽകി. രാജ്യത്തു താമരയുടെ വിത്തു പാകിയ വാജ്പേയിയാണു പാർട്ടി പടുത്തുയർത്തിയതെന്നും മോദി പറഞ്ഞു.