Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഫോടന പരമ്പരയ്ക്ക് ശ്രമം: ഐഎസ് ബന്ധമുള്ള 10 അംഗ സംഘം പിടിയിൽ

is-story ഡൽഹിയിൽ ഹർക്കത്തുൽ ഹർബ് –ഇ– ഇസ്‌ലാം സംഘടനയുമായി ബന്ധപ്പെട്ടു തിരച്ചിൽ നടത്തുന്ന എൻഐഎ, ഡൽഹി പൊലീസ് അധികൃതർ. ചിത്രം:പിടിഐ

ന്യൂഡൽഹി ∙ ചാവേറുകളായും തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സ്ഫോടന പരമ്പരകളിലൂടെ പ്രമുഖ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടും പ്രവർത്തിച്ചിരുന്ന, ഐഎസ് ബന്ധം സംശയിക്കുന്ന 10 പേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ, നാടൻ റോക്കറ്റ് ലോഞ്ചർ, 100 മൊബൈൽ ഫോണുകൾ, 135 സിം കാർഡുകൾ, ലാപ്ടോപ്പുകൾ, മെമ്മറി കാർഡുകൾ, 7.5 ലക്ഷം രൂപ, ബോംബുകളിൽ ടൈമറായി ഉപയോഗിക്കുന്നതിനുള്ള 100 ക്ലോക്കുകൾ തുടങ്ങിയവ പിടിച്ചെടുത്തു.

ഡൽഹിയിലെ സീലമ്പുർ, യുപിയിലെ ലക്നൗ, അമ്രോഹ, ഹാപ്പുർ എന്നിവിടങ്ങളിലെ 17 കേന്ദ്രങ്ങളി‌ൽ നടത്തിയ തിരച്ചിലിലാണു സംഘം പിടിയിലായത്. ചാവേർ ആക്രമണങ്ങളിലൂടെയും വിദൂരനിയന്ത്രിത സ്ഫോടനങ്ങളിലൂടെയും സുപ്രധാന സ്ഥാപനങ്ങൾ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നു കരുതുന്നതായി എൻഐഎ വക്താവ് പറഞ്ഞു. ആയുധങ്ങൾക്കു പുറമെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ നിർമിക്കാനും സംഘം ശ്രമം നടത്തിയിട്ടുണ്ട്.

ഐഎസിൽ നിന്നു പ്രചോദനമുൾക്കൊള്ളുന്ന ഹർക്കത്തുൽ ഹർബ് –ഇ– ഇസ്‌ലാം എന്ന സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വിദേശത്തുള്ള മാർഗദർശിയുമായി ഇവർ സമ്പർക്കത്തിലായിരുന്നെങ്കിലും ഇതാരെന്നു സ്ഥിരീകരിച്ചിട്ടില്ല. യുപി അമ്രോഹ മസ്ജിദിലെ പുരോഹിതനും ഡൽഹി സ്വദേശിയുമായ മുഫ്തി സൊഹൈൽ ആണു സംഘത്തലവൻ. സംഘത്തിൽ ഒരു വനിതയുമുണ്ട്. സിവിൽ എൻജിനീയറിങ് വിദ്യാർഥി, മൂന്നാം വർഷ ബിഎ വി‌ദ്യാർഥി, ഓട്ടോ ഡ്രൈവർ, വെൽഡിങ് ഷോപ് ഉടമ, വസ്ത്ര വ്യാപാരി തുടങ്ങി വിവിധ തുറകളിൽ നിന്നുള്ളവർ ഉൾപ്പെട്ടതാണു സംഘം.

വാട്സാപ്, ടെലിഗ്രാം എന്നിവ വഴിയായിരുന്നു ആശയവിനിമയം. സംഘത്തിന്റെ പ്ര‌വർത്തനങ്ങളെക്കുറിച്ച് 4 മാസം മുൻപ് ആദ്യ സൂചന ലഭിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം.