Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുത്തലാഖ് ഭേദഗതി ബില്ലിനെ കോൺഗ്രസ് എതിർക്കും

തോമസ് ഡൊമിനിക്
Triple Talaq

ന്യൂഡൽഹി ∙ ഇന്നു ലോക്സഭയിൽ ചർച്ചയ്ക്കുവരുന്ന മു‌സ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്ലിനെ (മുത്തലാഖ് ബിൽ) എതിർക്കാൻ കോൺഗ്രസ് രാഷ്ട്രീയ നയ രൂപീകരണ സമിതി തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശക്തമായ രാഷ്ട്രീയ നിലപാടു സ്വീകരിക്കണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന സമിതി രാത്രി വൈകി യോഗം ചേർന്നു തീരുമാനമെടുത്തത്. ബില്ലിനെ പൊതുവെ അനുകൂലിക്കുകയും വിവാദപരമായ വ്യവസ്ഥകളെ മാത്രം എതിർക്കുകയും ചെയ്യുകയെന്നതായിരുന്നു നേരത്തെ കോൺഗ്രസ് നിലപാട്.

എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നിലപാട് കൂടുതൽ ശക്തമാക്കാൻ സമിതി തീരുമാനിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ, മല്ലികാർജുൻ ഖർഗെ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ തുടങ്ങിയവർ അംഗങ്ങളാണ്. വാടക ഗർഭപാത്ര നിയന്ത്രണ ബിൽ, ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബിൽ എന്നിവ കഴിഞ്ഞ ദിവസങ്ങളിൽ പ്രതിപക്ഷ ബഹളത്തിനിടെ ലോ‌ക്സഭ പാ‌‌സാക്കിയിരുന്നു.

അതുപോലെ മുത്തലാഖ് ബില്ലും പാസാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ചർച്ചയിൽ പങ്കെടുക്കാൻ കോൺ‌ഗ്രസ് നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ഇതിനായി റഫാൽ ഇടപാടിനെക്കുറിച്ചു സംയുക്ത പാർലമെന്റ് സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിഷേധം തൽക്കാലത്തേക്കു മരവിപ്പിക്കും. കുറ്റക്കാരനു 3 വർഷം ശിക്ഷ നൽകാനുള്ള വ്യവ‌സ്ഥ ബാലിശമാണെന്നാണു കോൺഗ്രസ് നിലപാട്. ജയിലിൽ കഴിയുന്നയാൾ സ്‌ത്രീക്കു ജീവനാംശം കൊടുക്കാൻ പ്രാപ്തനാകണമെന്നില്ല.

ഉഭയകക്ഷി ‌സമ്മത ‌പ്രകാരം വിവാഹമോചനം നടത്തിയ ശേഷം സ്ത്രീ പരാതി‌യുമായെ‌ത്തു‌ന്നതു തടയാനും ബില്ലിനു കഴിയില്ലെന്നു കോൺഗ്രസ് ഡപ്യൂട്ടി ചീഫ് വിപ് കെ.സി. വേണുഗോപാൽ പറഞ്ഞു. ഓർഡിനൻസും ബില്ലും അസ്ഥാനത്തും അനാവശ്യവുമാണെന്ന നിരാകരണ പ്രമേയം (സ്റ്റാറ്റ്യുട്ടറി റസല്യൂഷൻ) എൻ.കെ. പ്രേമചന്ദ്രൻ അവതരിപ്പിക്കും. അതിനിടെ, ഇന്നു സഭയിൽ ഹാജരാകണമെന്നു ബിജെപി എംപിമാർക്കു പാർട്ടി വിപ്പ് നൽകി.

ലോക്സഭയിൽ പ്രളയ ചർച്ച ഇന്ന്
വിവിധ സംസ്ഥാനങ്ങളിലെ പ്രളയത്തെക്കുറിച്ചുള്ള ചർച്ച ലോക്സഭയുടെ ഇന്നത്തെ കാര്യപരിപാടിയിൽ. മുത്തലാഖ് ബിൽ പരിഗണിച്ച ശേഷം ഇക്കാര്യം ചർച്ചയ്ക്കെടുക്കാനാണു പ്രതിപക്ഷവുമായുള്ള ധാരണ. മുത്തലാഖ് ചർച്ച നീണ്ടു പോയാൽ പ്രളയ ചർച്ചയും വൈകും.