Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ വിമർശനം; തെലങ്കാനയിൽ സിപിഎം ജാതി വച്ച് വോട്ട് തേടി

ജോമി തോമസ്
cpm-logo

ന്യൂഡൽഹി ∙ ജാതിപറഞ്ഞ് വോട്ടു പിടിക്കാനാണു സിപിഎം തെലങ്കാനയിൽ ശ്രമിച്ചതെന്നു പാർട്ടി കേന്ദ്ര കമ്മിറ്റി (സിസി) റിപ്പോർട്ടിൽ വിമർശനം.

ഒരു എംഎൽഎ പോലുമില്ലാത്ത രാജസ്ഥാനിൽ സർക്കാരുണ്ടാക്കാൻ ശ്രമിക്കുന്നതായി പാർട്ടിയുൾപ്പെട്ട മുന്നണി ഭാവിച്ചപ്പോൾ പൊളിറ്റ്ബ്യൂറോ (പിബി) ഇടപെടേണ്ടി വന്നുവെന്നും കഴിഞ്ഞ 16ന് സിസി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ബിജെപി വിരുദ്ധ വോട്ടുകൾ ഒരുമിപ്പിക്കാനുള്ള ശ്രമമാണ് വേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

സിസി റിപ്പോർട്ടിൽനിന്ന്:

‘തെലങ്കാനയിൽ സിപിഎം രൂപംകൊടുത്ത ബഹുജൻ ഇടതു മുന്നണി (ബിഎൽപി) ആകെയുള്ള 119 സീറ്റിൽ 107 ൽ മൽസരിച്ചു. ഒരിടത്തും ജയിച്ചില്ല. പാർട്ടി 26 സീറ്റിൽ മൽസരിച്ചു,  0.4 % വോട്ട് ലഭിച്ചു. പിന്നാക്ക വിഭാഗക്കാരനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് മുന്നണി പ്രഖ്യാപിച്ചു.

സ്ഥാനാർഥികളുടെ ജാതി എടുത്തുകാട്ടി. മറ്റു മാനദണ്ഡങ്ങൾ ഒഴിവാക്കി ജാതിസ്വത്വത്തിന് ഊന്നൽ നൽകിയത്, മുന്നണിയെ ജാതിയടിസ്ഥാനത്തിലുള്ള കൂട്ടായ്മയാക്കി മാറ്റി. വർഗവശത്തിനും ഊന്നൽ നൽകണമെന്ന അടിസ്ഥാന നിലപാടിനു വിരുദ്ധമാണിത്. മാത്രമല്ല, മുഖ്യമന്ത്രിയെയും പുതിയ സർക്കാരിനെയും കുറിച്ചുള്ള പരാമർശം യാഥാർഥ്യത്തിനു നിരക്കുന്നതായിരുന്നില്ല.

‘രാജസ്ഥാനിൽ 28 സീറ്റിൽ മൽസരിച്ചു. വോട്ട് ശതമാനം 2013 ൽ 0.9 ആയിരുന്നത് 1.2 ആയി. സിപിഎമ്മും 6 ചെറു പാർട്ടികളും ചേർന്നാണ് ലോക്താന്ത്രിക് മോർച്ചയുണ്ടാക്കിയത്. മോർച്ച അധികാരത്തിലേറാൻ ശ്രമിക്കുന്നുവെന്നാണു മാധ്യമ റിപ്പോർട്ടുകളിൽ വ്യക്തമാക്കപ്പെട്ടത്. ഇത്തരം റിപ്പോർട്ടുകൾ വന്നപ്പോൾ സംസ്ഥാന കമ്മിറ്റിക്കു പിബി കത്തെഴുതേണ്ടിവന്നു.’ 

ആർഎസ്എസ് തോറ്റിട്ടില്ല

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലത്തിന്റെ അടിസ്ഥാനത്തിൽ, ആർഎസ്എസ്– ബിജെപി കൂട്ടുകെട്ടും മറ്റു വർഗീയ ശക്തികളും പരാജപ്പെട്ടുവെന്നു കരുതുന്നതു ശരിയല്ല. മധ്യപ്രദേശിൽ കോൺഗ്രസിന് 40.9% വോട്ട് ലഭിച്ചപ്പോൾ, ബിജെപിക്ക് 41.1% ലഭിച്ചു. ബിജെപിക്ക് 0.2% കൂടുതൽ. രാജസ്ഥാനിൽ കോൺഗ്രസിന് 39.3 ശതമാനവും ബിജെപിക്ക് 38.8 ശതമാനവുമാണ് വോട്ട്. വ്യത്യാസം 0.5%.