Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുതിരഞ്ഞെടുപ്പിനെ നേരിടാൻ കർഷകർക്ക് പലിശയില്ലാ വായ്പ

ന്യൂഡൽഹി∙ കാർഷിക വായ്പകൾ സമയത്ത് അടയ്ക്കുന്നവർക്ക് പലിശ മുഴുവനായി ഇളവുചെയ്തു കൊടുക്കുന്ന പദ്ധതി കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണനയിൽ. ഇതിനു 15,000 കോടി രൂപ കൂടി വേണ്ടിവരുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള ബിജെപി സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് കർഷകർക്കുള്ള സൗജന്യം.

ഭക്ഷ്യ വിളകൾക്കുള്ള ഇൻഷുറൻസ് പ്രീമിയം പൂർണമായി വേണ്ടെന്നു വയ്ക്കുക, പഴങ്ങളും പച്ചക്കറികളും പൂക്കളും ഉൾപ്പെടെയുള്ള വിളകളുടെ പ്രീമിയം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും പരിഗണനയിലുണ്ട്. 

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേട്ടം കൊയ്തതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കർഷകരെ തിരികെ പിടിക്കാൻ എന്താണു ചെയ്യേണ്ടതെന്നു ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതതല ചർച്ച നടത്തിയിരുന്നു. അടിയന്തര സഹായമെന്ന നിലയിൽ കാർഷിക വായ്പകളുടെ 4 ശതമാനം പലിശ വേണ്ടെന്നു വയ്ക്കുക എന്നതായിരുന്നു ഒരു നിർദേശം. ഇപ്പോൾ കർഷകർക്കു ലഭ്യമാകുന്ന ഹ്രസ്വകാല കാർഷിക വായ്പകൾക്ക് 7 ശതമാനമാണു പലിശ. ഇതിൽ 2 % ഇളവ് ഏവർക്കും ലഭിക്കും. കൃത്യമായി തിരിച്ചടയ്ക്കുമ്പോൾ 3 % തിരികെ ലഭിക്കും. ബാക്കികൂടി ഒഴിവാക്കാനാണ് പദ്ധതി. 

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർഷകരുടെ അതൃപ്തി വൻതോതിൽ പ്രതിഫലിച്ചേക്കുമെന്നാണ് രാഷ്ട്രീയ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിനു തടയിടാനുള്ള നിർദേശങ്ങളാണ് അടിയന്തരമായി പരിഗണിക്കുന്നത്.