ശിവമൊഗ്ഗ: ബിജെപി വിമതന്റെ വരവോടെ ത്രികോണപ്പോരിന്റെ തീച്ചൂട്; അപ്പാ മക്കളുടെ മണ്ഡലത്തിൽ മോദിയുടെ പേരിൽ ഈശ്വരപ്പ
∙ബംഗാരപ്പയുടെയും യെഡിയൂരപ്പയുടെയും മക്കൾക്കു പുറമേ കെ.എസ്.ഈശ്വരപ്പ എന്ന ‘അപ്പ’ കൂടി കളംപിടിച്ചതോടെ കർണാടകയിലെ ശിവമൊഗ്ഗയിൽ ത്രികോണപ്പോരിന്റെ തീച്ചൂട്. രാജ്യമെങ്ങും ബിജെപി മോദിയുടെ പേരിൽ വോട്ടു ചോദിക്കുമ്പോൾ പാർട്ടിയുടെ ഈ മുൻ സംസ്ഥാന പ്രസിഡന്റ് ഇവിടെ മോദിയുടെ പേരിൽ ബിജെപിക്കെതിരെയാണ് വോട്ടു ചോദിക്കുന്നത്.

മല്ലേശ്വരനഗറിലെ വസതിയിൽ നിന്ന് പ്രചാരണത്തിനിറങ്ങും മുൻപ് പ്രാതൽവിഭവമായ ചിത്രാന്നം കഴിച്ചുകൊണ്ട് മുൻ ഉപമുഖ്യമന്ത്രി കൂടിയായ ഈശ്വരപ്പ (76) പറഞ്ഞു,‘മോദി മൂന്നാമതും പ്രധാനമന്ത്രിയാകും. എന്നാൽ യെഡിയൂരപ്പയുടെ കുടുംബവാഴ്ച അവസാനിക്കണം.’
ഈശ്വരപ്പയുടെ മകൻ കെ.ഇ.കാന്തേഷിന് ഹാവേരിയിൽ സീറ്റ് നൽകാമെന്ന വാക്ക് ബി.എസ്.യെഡിയൂരപ്പ തെറ്റിച്ചു. പകരം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ ഹാവേരിയിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. മുൻ ഉപമുഖ്യമന്ത്രിയും ഒബിസി കുറുബ നേതാവുമായ ഈശ്വരപ്പ അതോടെ പോരിനിറങ്ങി. കുടുംബവാഴ്ചയെ എതിർക്കുന്നയാൾ മകനു സീറ്റ് ചോദിച്ചതിൽ വൈരുധ്യമില്ലേ എന്ന ചോദ്യത്തിനു മറുപടിയിങ്ങനെ; ‘‘ഒരു കുടുംബത്തിൽനിന്ന് ഒരാൾക്കു സീറ്റ് എന്നതാണു ചട്ടം. മകനു മാത്രമല്ലേ സീറ്റ് ചോദിച്ചുള്ളൂ? ഞാൻ ചോദിച്ചില്ലല്ലോ?’’
ഈശ്വരപ്പയുടെ വീട്ടുമുറ്റത്തും പ്രചാരണ വേദികളിലും കട്ടൗട്ടുകളായും പോസ്റ്ററുകളായും മോദി മയം. ഇതു ചോദ്യം ചെയ്ത് ബിജെപി കോടതി കയറിയതിലൊന്നും അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ‘‘രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ചിത്രമാണിത്. ഗണേശോത്സവത്തിനു ഗണപതിവിഗ്രഹം ഉപയോഗിക്കുന്നത് അനുമതി ചോദിച്ചിട്ടാണോ?’’ ഹിന്ദുത്വ നേതാക്കളെ യെഡിയൂരപ്പ തഴയുന്നെന്ന് ആരോപിച്ചു മത്സരത്തിനിറങ്ങിയ ഈശ്വരപ്പയുടെ പത്രികാസമർപ്പണ റാലിയിൽ 35,000 പേരാണെത്തിയത്.
ബംഗാരപ്പയുടെ മകളും കന്നഡ സിനിമയിലെ ഹാട്രിക് സ്റ്റാർ ശിവരാജ് കുമാറിന്റെ ഭാര്യയുമായ കോൺഗ്രസ് സ്ഥാനാർഥി ഗീത ശിവരാജ് കുമാറിന്റെ പ്രചാരണത്തിന് കന്നഡ ചലച്ചിത്ര ലോകം ഒന്നടങ്കമുണ്ട്. സിദ്ധരാമയ്യ സർക്കാരിന്റെ 5 ജനക്ഷേമ പദ്ധതികളാണ് കോൺഗ്രസിന്റെ തുറുപ്പുചീട്ട്. ബൊമ്മനഘട്ടെ ഗ്രാമത്തിലൂടെ ഗീതയുടെ പ്രചാരണവാഹനം കടന്നു പോകുമ്പോൾ, തൊഴുകയ്യുകളുമായി ഒപ്പം ശിവരാജ് കുമാർ. ആരാധകർ താരത്തോട് ആടാനും പാടാനും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ഇവിടെയൊരു ഡാൻസ് പ്രോഗ്രാം നടത്താം, ശിവണ്ണയുടെ വാക്ക്.
ഗീതയുടെ സഹോദരനും പ്രാഥമികവിദ്യാഭ്യാസ മന്ത്രിയുമായ മധു ബംഗാരപ്പയ്ക്കാണ് പ്രചാരണച്ചുമതല. മറ്റൊരു സഹോദരൻ കുമാർ ബംഗാരപ്പ, ബിജെപി സ്ഥാനാർഥിയും യെഡിയൂരപ്പയുടെ മൂത്ത മകനുമായ ബി.വൈ.രാഘവേന്ദ്രയുടെ പ്രചാരണത്തിന്റെ മുൻനിരയിലുണ്ട്. സോറാബയിൽ നടന്ന ബിജെപി പ്രചാരണ റാലിയിൽ ശിവമൊഗ്ഗയിലെ വിമാനത്താവളം ഉൾപ്പെടെയുള്ള വികസന പദ്ധതികളും മോദി പ്രഭാവവുമാണ് രാഘവേന്ദ്ര നിരത്തുന്നത്. യെഡിയൂരപ്പയ്ക്കൊപ്പം ഇളയമകനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ ബി.വൈ.വിജയേന്ദ്ര രാഘവേന്ദ്രയ്ക്കായി പ്രചാരണം നയിക്കുന്നു.
ശിവമൊഗ്ഗയിൽ കർണാടക മുൻ മുഖ്യമന്ത്രിമാരായ എസ്.ബംഗാരപ്പയുടെയും ബി.എസ്.യെഡിയൂരപ്പയുടെയും കുടുംബങ്ങൾ 5–ാം തവണയാണ് നേർക്കുനേർ പോരാടുന്നത്. അവർക്കുപുറത്തു നിന്നൊരാളെ ശിവമൊഗ്ഗ തിരഞ്ഞെടുത്തത് ഒരിക്കൽ മാത്രം, 1998ൽ ബിജെപിയുടെ അയന്നൂർ മഞ്ജുനാഥിനെ.
എന്റേത് കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള പോരാട്ടം: ഈശ്വരപ്പ
Q ഹിന്ദുത്വ വോട്ടുകൾ ഭിന്നിപ്പിക്കുന്നത് എത്രമാത്രം ഗുണകരമാകും?
A യെഡിയൂരപ്പയും മക്കളും ചേർന്ന് സംസ്ഥാന ബിജെപിയെ പിടിച്ചെടുത്തുയ ഡി.വി.സദാനന്ദഗൗഡ, സി.ടി.രവി, അനന്ത്കുമാർ ഹെഗ്ഡെ, പ്രതാപ് സിംഹ, ബസനഗൗഡ പാട്ടീൽ യത്നൽ തുടങ്ങിയവരെയൊക്കെ തഴഞ്ഞു. ഇതിൽ വിയോജിപ്പുള്ള ബിജെപി, ഹിന്ദുസംഘടനാ പ്രവർത്തകരൊക്കെ എനിക്കൊപ്പമുണ്ട്.
Qമോദി അനുകൂലിയായ താങ്കൾ ബിജെപിയിൽനിന്നുള്ള പുറത്താക്കലിനെ എങ്ങനെ നേരിടും?
Aകോൺഗ്രസിലേക്കു പോയ ജഗദീഷ് ഷെട്ടറിനെ (മുൻ മുഖ്യമന്ത്രി) ബിജെപി തിരിച്ചെടുത്ത് ബെളഗാവിയിൽ മത്സരത്തിനിറക്കിയില്ലേ ? എന്റെ പുറത്താക്കൽ താൽക്കാലികം മാത്രമാണ്. യെഡിയൂരപ്പയുടെ കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള ആശയപരമായ പോരാട്ടമാണ് എന്റേത്. തിരഞ്ഞെടുപ്പിനു ശേഷം കേന്ദ്ര ബിജെപി നേതാക്കളെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും.
Qകോൺഗ്രസിനെ അനുകൂലിക്കുന്ന കുറുബ വോട്ടുകൾ താങ്കൾ ഭിന്നിപ്പിച്ചാൽ, അതു ബിജെപിക്ക് അനുകൂലമാകില്ലേ ?
Aകുറുബ വോട്ടുകളെ ആശ്രയിച്ചല്ല ഞാൻ മത്സരിക്കുന്നത്. സദാനന്ദഗൗഡയെയും സി.ടി.രവിയെയും പോലുള്ള നേതാക്കളെ ബിജെപി തഴഞ്ഞ കാരണത്താൽ ദൾ വോട്ട് ബാങ്കായ വൊക്കലിഗർ പോലും എന്നെ പിന്തുണയ്ക്കുന്നുണ്ട്.
കോൺഗ്രസിനു മാത്രമേ ജനങ്ങളെ ഒന്നായി കാണാനാകൂ: ഗീത
Q 2014ൽ ജനതാദൾ എസ് ടിക്കറ്റിൽ താങ്കൾ ഇതേ മണ്ഡലത്തിൽ മത്സരിച്ചു പരാജയപ്പെട്ടു. ഇക്കുറി കോൺഗ്രസിനായുള്ള പോരാട്ടം എത്രമാത്രം വ്യത്യസ്തമാണ്?
A ദളിനായി മത്സരിച്ചതു പോലെയല്ല, ദേശീയ കക്ഷിയായ കോൺഗ്രസിനു വേണ്ടി മത്സരിക്കുന്നത് തീർത്തും വ്യതസ്തമാണ്. കോൺഗ്രസിനു മാത്രമേ മതനിരപേക്ഷ മൂല്യങ്ങളുയർത്തി ജനവിഭാഗങ്ങളെ ഒന്നായി കാണാനാകൂ.
Q കന്നഡ ചലച്ചിത്രാസ്വാദകർ താങ്കൾക്കൊപ്പം നിൽക്കുമോ?
Aകന്നഡ ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ ചലച്ചിത പ്രവർത്തകർ ഇവിടെ തമ്പടിച്ച് എനിക്കായി പ്രവർത്തിച്ചു. രാഷ്ട്രീയത്തിലും സിനിമാലോകത്തുമുള്ള കുടുംബത്തിൽ നിന്നാണു ഞാൻ. ഇത് ഏറെ ഗുണം ചെയ്യും.
Q ബിജെപിയെ ശക്തമായി നേരിടുന്ന താങ്കൾക്ക്, ബിജെപി വിമതനായ ഈശ്വരപ്പയുടെ മത്സരം എത്രമാത്രം സഹായകരമാകും?
Aകോൺഗ്രസിന്റെ ജനക്ഷേമ പദ്ധതികൾ ഉൾപ്പെടെയുള്ള കർണാടക സർക്കാരിന്റെ ഭരണനേട്ടങ്ങളാണ് ഞാൻ പ്രധാനമായും മുന്നോട്ടുവയ്ക്കുന്നത്. എതിർഭാഗത്തെ രാഷ്ട്രീയ നീക്കങ്ങളൊന്നും എന്നെ ബാധിക്കുന്നില്ല.