തൃശൂർ ∙ പന്ത്രണ്ടു വയസുകാരൻ ചെസ് പ്രതിഭ നിഹാൽ സരിനു ചരിത്ര നേട്ടം. ഇന്റർനാഷനൽ മാസ്റ്റർ പദവി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി നിഹാൽ മാറി. മോസ്കോയിൽ നടന്ന ഏറോ ഫ്ളോട്ട് ഓപ്പൺ ചെസ് ടൂർണമെന്റിൽ ഗ്രാൻഡ് മാസ്റ്റർമാർ ഉൾപ്പെടെയുള്ള മുതിർന്ന ലോകതാരങ്ങളെ അട്ടിമറിച്ചാണു നിഹാൽ ഇന്റർനാഷനൽ മാസ്റ്റർ പദവിക്കുള്ള മൂന്നാമത്തെ നോമും 2400 ‘ഇലോ’ റേറ്റിങ്ങും മറികടന്നത്.
ഫ്രാൻസിലെ കാപ്പൽ ല ഗ്രാൻഡ് ഓപ്പൺ ചെസ് ടൂർണമെന്റ്, സ്പെയിനിലെ സൺവെ ചെസ് ടൂർണമെന്റ് എന്നിവയിലാണ് ആദ്യ രണ്ടു നോമും സ്വന്തമാക്കിയത്. ലോകത്തിൽ ഇന്റർനാഷനൽ മാസ്റ്റർ പദവി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമനും ഇന്ത്യയിൽ രണ്ടാമനുമാണു നിഹാൽ.
നിലവിലെ ലോകചാംപ്യൻ മാഗ്നസ് കാൾസൻ ചെസിൽ ഇന്റർനാഷനൽ മാസ്റ്റർ പദവി നേടിയതു 2003ൽ നിഹാലിന്റെ അതേ പ്രായത്തിലാണ്. തൃശൂർ ദേവമാത പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു നിഹാൽ. തൃശൂർ മെഡിക്കൽ കോളജിലെ ത്വക് രോഗ വിഭാഗത്തിലെ ഡോക്ടർ സരിൻ, സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിൻ ദമ്പതികളുടെ മകനാണ്.