തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര നടനും കഥകളി കലാകാരനുമായ കെ.എൻ.ജഗന്നാഥ വർമ (77) അന്തരിച്ചു. ഇന്നലെ രാവിലെ 8.30നു നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ശ്വാസകോശ അസുഖങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. കൈമനം കുറ്റിക്കാട് ലെയ്നിലെ 'ഗൗരീശങ്കരത്തിൽ' കുടുംബത്തോടൊപ്പമായിരുന്നു താമസം. ചലച്ചിത്ര വികസന കോർപറേഷൻ ആസ്ഥാനത്തു പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു.
ഇന്നു ചേർത്തലയിലെ തറവാട്ടിൽ പൊലീസ് ബഹുമതികളോടെ സംസ്‌കാരം. ചേർത്തല തെക്കേടത്ത് കോവിലകം കേരളവർമ തമ്പുരാന്റെയും ചേർത്തല വാരനാട് കൂട്ടുങ്കൽ കോവിലകം അംബാലികയുടെയും മൂന്നാമത്തെ മകനാണ്.
1963ൽ കേരള പൊലീസിൽ ചേർന്നു. എസ്പി ആയാണു വിരമിച്ചത്. 1978ൽ ഭീംസിങ് സംവിധാനം ചെയ്ത മാറ്റൊലി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. 35 വർഷത്തോളം മലയാള ചലച്ചിത്രവേദിയിൽ സജീവ സാന്നിധ്യമായിരുന്നു.
അഞ്ഞൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച ജഗന്നാഥ വർമ സ്വഭാവ നടനായും പ്രതിനായകനായും വെള്ളിത്തിരയിൽ തിളങ്ങി. അച്ചുവേട്ടന്റെ വീട്, നഖക്ഷതങ്ങൾ, ന്യൂഡൽഹി, ഒരു സിബിഐ ഡയറിക്കുറിപ്പ്, പരിണയം, ലേലം, പത്രം, വിയറ്റ്നാം കോളനി, ആറാംതമ്പുരാൻ, പ്രജ തുടങ്ങി അനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.
സ്വാമി അയ്യപ്പൻ, കടമറ്റത്തു കത്തനാർ, മംഗല്യപ്പട്ട് ഉൾപ്പെടെയുള്ള ടിവി സീരിയലുകളിലും പ്രധാന വേഷം ചെയ്തു. പതിനാലാം വയസ്സിൽ കഥകളി അഭ്യസിച്ചു തുടങ്ങിയ ജഗന്നാഥ വർമ കളിയരങ്ങിലെ പ്രശസ്ത നടന്മാരോടൊപ്പം ഒട്ടേറെ വേദികൾ പങ്കിട്ടിട്ടുണ്ട്.
74–ാം വയസ്സിൽ ചെണ്ടവാദ്യത്തിലും അരങ്ങേറ്റം നടത്തി. അസുഖങ്ങളെ തുടർന്ന് ഏറെനാളായി സിനിമാ ലോകത്തുനിന്നു വിട്ടുനിന്ന വർമ കുറച്ചുനാളായി അവശനിലയിലായിരുന്നു.
2012ൽ പുറത്തിറങ്ങിയ ഡോൾസ് ആണ് അവസാന ചിത്രം. മൂന്നു ദിവസമായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അഞ്ചേരിമഠം സ്വദേശി ശാന്താവർമയാണു ഭാര്യ. സിനിമ, സീരിയൽ നടൻ മനു വർമ, പ്രിയ വർമ എന്നിവരാണു മക്കൾ. മരുമക്കൾ: സംവിധായകൻ വിജി തമ്പി, സിന്ധുവർമ.