മലപ്പുറം∙ വേങ്ങരയിൽ യുഡിഎഫ് വിജയാഹ്ലാദം മുഴക്കുമ്പോഴും ആശ്വാസത്തിന്റെ പിന്തുണ എൽഡിഎഫിന്. കരുത്തു മുഴുവൻ പുറത്തെടുത്തിട്ടും കനത്ത തിരിച്ചടി നേരിട്ടതിന്റെ പരുക്കു ബിജെപിക്ക്.
ഇരട്ടിയിലേറെ വോട്ടുകൾ വർധിപ്പിച്ച് മൂന്നാം സ്‌ഥാനത്തെത്തിയതിന്റെ ആവേശം എസ്‌ഡിപിഐക്ക്. ബിജെപിയെ ഒഴികെ ആരെയും വേങ്ങരയിലെ ജനവിധി കാര്യമായി വേദനിപ്പിച്ചില്ല.
യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്‌ക്കാൻ കഴിഞ്ഞത് എൽഡിഎഫിന്റെ രാഷ്‌ട്രീയ വിജയമായി. രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും കഴിഞ്ഞ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും പി.കെ. കുഞ്ഞാലിക്കുട്ടിക്കു കിട്ടിയ ഭൂരിപക്ഷത്തിന് അടുത്തെത്താൻ കെ.എൻ.എ. ഖാദറിനു കഴിഞ്ഞില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്കു മണ്ഡലത്തിൽ 40519 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഖാദറിനു ലഭിച്ച ഭൂരിപക്ഷം 23310 ആണ്. 2011ൽ 38237 വോട്ടിന്റെയും 2016ൽ 38057 വോട്ടിന്റെയും ഭൂരിപക്ഷമായിരുന്നു യുഡിഎഫിന്.
മണ്ഡലത്തിൽ ജയിക്കാൻ കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും എൽഡിഎഫ് അരയും തലയും മുറുക്കി ഇറങ്ങിയതു ഭൂരിപക്ഷം കുറയ്‌ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. അതിൽ വിജയിച്ചു. മൊത്തം വോട്ടും കൂടി. ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ 8642 വോട്ടിന്റെ വർധനയാണ് എൽഡിഎഫിന് ഉണ്ടായത്.
കുഞ്ഞാലിക്കുട്ടിക്കുകിട്ടിയ ഭൂരിപക്ഷം ഖാദറിനു കിട്ടില്ലെന്നു യുഡിഎഫും കണക്കുകൂട്ടിയിരുന്നു. കുഞ്ഞാലിക്കുട്ടിക്കു മണ്ഡലത്തിലുള്ള വ്യക്‌തിബന്ധവും മുന്നണിക്കു പുറത്തുള്ള ബന്ധങ്ങളും വോട്ടായി മാറിയെങ്കിൽ, ആ സാഹചര്യം ഖാദറിനു മുന്നിലില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ, മൊത്തം വോട്ടിലുണ്ടായ ഇടിവ് ആശങ്കപ്പെടുത്തുന്നതാണ്. ലോക്‌സഭയിലേക്കു കിട്ടിയതിനെക്കാൾ 8577 വോട്ടുകളാണ് യുഡിഎഫിനു കുറഞ്ഞത്.
കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര വേങ്ങര വഴി തിരിച്ചുവിട്ടിട്ടും സർവകരുത്തും പുറത്തെടുത്തിട്ടും ബിജെപി പിന്നാക്കം പോയി. എസ്‌ഡിപിഐ മൂന്നാം സ്‌ഥാനത്തു വന്നതും വോട്ട് കുറഞ്ഞതും ബിജെപിക്ക് അടിയായി.