മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പ്: പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാർഥി

കോഴിക്കോട് ∙ മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി 15നു പ്രഖ്യാപിക്കും. അന്നു രാവിലെ പാണക്കാട് സംസ്ഥാന പ്രവർത്തക സമിതിയും തുടർന്ന് പാർലമെന്ററി ബോർഡ് യോഗവും ചേരും.

ഇ. അഹമ്മദിന്റെ ഒഴിവിൽ ദേശീയ രാഷ്ട്രീയത്തിൽ ലീഗിന് ഉയർത്തിക്കാട്ടാവുന്ന ഏറ്റവും യോഗ്യമായ പേരു കുഞ്ഞാലിക്കുട്ടിയുടേതാണെന്നു പാർട്ടി വിലയിരുത്തി. പ്രതിപക്ഷ ഉപ നേതൃസ്ഥാനം വഹിക്കുന്ന കു‍ഞ്ഞാലിക്കുട്ടിയെ ഉപതിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിനു യുഡിഎഫ് നേതൃത്വവും സമ്മതം മൂളി.

കുഞ്ഞാലിക്കുട്ടി തിരഞ്ഞെടുക്കപ്പെട്ടാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കും. വേങ്ങരയിൽ നിയമസഭ ഉപതിരഞ്ഞെടുപ്പിനും ഇതു വഴി വയ്ക്കും. കുഞ്ഞാലിക്കുട്ടിയുടെ ഒഴിവിൽ നിയമസഭയിലേക്ക് മൽസരിക്കാനുള്ളവരുടെ പട്ടികയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിന്റെ പേരാണ് ആദ്യ പരിഗണനയിലുള്ളത്. കെ.എൻ.എ. ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരും പട്ടികയിലുണ്ട്. മലപ്പുറം ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാകും ഈ ചർച്ചകളുടെ ഭാവി.

സ്ഥാനാർഥി പ്രഖ്യാപനം വേഗം പൂർത്തിയാക്കി തിരഞ്ഞെടുപ്പു നടപടികളിലേക്കു കടക്കാനാണ് പാർട്ടി തീരുമാനം. റെക്കോർഡ് ഭൂരിപക്ഷത്തോടെ ഇ. അഹമ്മദ് ജയിച്ച മലപ്പുറത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കുഞ്ഞാലിക്കുട്ടിയെ പാർട്ടി നിയോഗിക്കുന്നത്. ദേശീയ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഡൽഹി കേന്ദ്രീകരിച്ചു നിൽക്കാൻ എംപി സ്ഥാനമാണ് നല്ലതെന്നും പാർട്ടി കണക്കു കൂട്ടുന്നു.