മലപ്പുറം∙ മുത്തലാഖ് ബിൽ ചർച്ച ചെയ്ത ദിവസം ലോക്സഭയിൽ എത്താതിരുന്നതിനെക്കുറിച്ചു മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി എംപിയോടു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വിശദീകരണം ആവശ്യപ്പെട്ടു. ലീഗ് ദേശീയ രാഷ്‌ട്രീയകാര്യ സമിതി ചെയർമാൻ ആണു ഹൈദരലി തങ്ങൾ. വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കണമെന്നാണു നിർദേശം.
കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നതു വീഴ്‌ചയാണെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിൽ കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്തുനിന്നു ജാഗ്രതക്കുറവുണ്ടായി എന്നാണു മനസ്സിലാകുന്നതെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുത്തലാഖ് ബിൽ ചർച്ചയും വോട്ടെടുപ്പും നടന്നപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദമയുർന്നിരുന്നു. നിർണായകഘട്ടത്തിൽ ലീഗ് എംപി മുങ്ങിയെന്നും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടമെന്ന വാഗ്ദാനം പാഴായെന്നുമാണ് ഇടതുപക്ഷ വിമർശനം.
ബില്ലിനെതിരെ ലോക്സഭയിൽ ശബ്ദമുയർത്തിയത് യുഡിഎഫ് എംപിമാരായ ശശി തരൂർ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ മാത്രമാണെന്നും ഇടത് എംപിമാരല്ലെന്നും മറുപക്ഷവും ചൂണ്ടിക്കാട്ടുന്നു. ബഷീറിനെ പ്രത്യക്ഷമായി പിന്തുണയ്ക്കാതിരുന്ന വിഭാഗത്തിൽ പെട്ടവരും അദ്ദേഹത്തിനു പരസ്യപിന്തുണയുമായി സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.