വേദനയത്രയും വെളിപ്പെടുത്തി ഇ.ടി.മുഹമ്മദ് ബഷീർ

ന്യൂഡൽഹി ∙ ഇ.അഹമ്മദിനു നേരിടേണ്ടി വന്ന അവഹേളനം നന്ദിപ്രമേയ ചർച്ചയിലും വിഷയമായി. നന്ദികെട്ട സർക്കാരിനു വേണ്ടി അവതരിപ്പിക്കുന്ന നന്ദിപ്രമേയമാണു സഭയിലുള്ളതെന്നു പറഞ്ഞു തുടങ്ങിയ ഇ.ടി.മുഹമ്മദ് ബഷീറിന്റെ വാക്കുകൾ വേദനയത്രയും വെളിപ്പെടുത്തുന്നതായി. ശക്തമായ ഭാഷയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച ബഷീറിനു പ്രസംഗം പൂർത്തിയാക്കാനായതു നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷമാണ്.

എംപിമാരായ പി.കരുണാകരൻ, കെ.സി.വേണുഗോപാൽ, എൻ.കെ.പ്രേമചന്ദ്രൻ എന്നിവരും പിന്തുണയുമായി നടുത്തളത്തിലിറങ്ങിയതോടെയാണ് ഇ.ടിക്കു വീണ്ടും അവ‌‌സരം നൽ‌കാൻ അധ്യക്ഷൻ തയാറായത്. ആശുപത്രിയിലെത്തിയയുടൻ അഹമ്മദ് മരിച്ചെന്നതിൽ സംഭവങ്ങൾക്കു ദൃക്സാക്ഷിയായിരുന്ന തനിക്കു സംശയമില്ലെന്നു ബഷീർ പറഞ്ഞു. മരണവിവരം ബജറ്റ് അവതരിപ്പിച്ചശേഷം പുറത്തുവിട്ടാൽ മതിയെന്നു പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നെത്തിയ ദൂതൻ ആശുപത്രി അധികൃതരുമായി ധാരണയുണ്ടാക്കുകയായിരുന്നു.

വൈദ്യധർമം നഗ്നമായി ലംഘിക്കപ്പെട്ടതിനെക്കുറിച്ചു പറഞ്ഞുതുടങ്ങിയതോടെ അധ്യക്ഷവേദിയിലുണ്ടായിരുന്ന പ്രഹ്ലാദ് ജോഷി മുഹമ്മദ് ബഷീറിനെ തടഞ്ഞു. എന്നാൽ താൻ ആരോപണങ്ങളുന്നയിക്കുന്നില്ലെന്നും സത്യവിരുദ്ധമായി ഒന്നും പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്ഥിരീകരിക്കാത്ത ആരോപണങ്ങളുന്നയിക്കുന്നതിൽ നിന്ന് അംഗത്തെ തടയണമെന്നായി പാർലമെന്ററികാര്യ സഹമന്ത്രി എസ്.എസ്.അലുവാലിയ. ഇതോടെയാണ് അധ്യക്ഷൻ പ്രസംഗം തടഞ്ഞതും ബഷീർ പ്രതിഷേധിച്ചതും.

സർ‌ക്കാരിന്റെയും ആശുപത്രി അധികൃതരുടെയും നടപടി വി‌വേകശൂന്യ‌വും സമാനതകളില്ലാത്ത ക്രൂരതയുമാണ്. ദുരനുഭവത്തെക്കുറിച്ചു പാർലമെന്റ് സമിതി അ‌‌ന്വേഷിക്കണം – അദ്ദേഹം ആവശ്യപ്പെട്ടു.