ന്യൂഡൽഹി∙ ലോക്സഭയിൽ അവതരിപ്പിച്ച മുത്തലാഖ് ബിൽ (മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ) സർക്കാരും പ്രതിപക്ഷവും തമ്മിൽ പുതിയ ഏറ്റുമുട്ടലിനു വഴിതുറക്കുന്നു. ബില്ലിനെ സർക്കാർ കാണുന്നത് ഇരുതല മൂർച്ചയുള്ള വാളായാണ്. പ്രതിപക്ഷത്തിനാകട്ടെ, ഇതു കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ഉപാധിയും
ഭൂരിപക്ഷ സമുദായത്തെയും ന്യൂനക്ഷത്തിലെ നിശബ്ദവിഭാഗത്തെയും ബിൽ സന്തോഷിപ്പിക്കുമെന്ന കണക്കുകൂട്ടൽ ശരിയായാൽ നേട്ടം സർക്കാരിന്. എന്നാൽ, ന്യൂനപക്ഷത്തിനുമേലുള്ള കടന്നുകയറ്റമായാണ് ഇതു വ്യാഖ്യാനിക്കപ്പെടുന്നതെങ്കിൽ വിജയം ഭാഗികമാകും. ബില്ലിനു പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്നും ലക്ഷ്യം സാമൂഹിക സമത്വം മാത്രമല്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അടിസ്ഥാന പ്രശ്നങ്ങളിൽനിന്നും സർക്കാരിന്റെ പരാജയത്തിൽനിന്നും ശ്രദ്ധ തിരിക്കാനുള്ള ബിജെപി അജൻഡയാണിതെന്നും അവർ വിലയിരുത്തുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റ സർക്കാർ സാമുദായിക സ്പർശമുള്ള പൊതുപ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നുവെന്നതു നിർണായകം. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്രം മുൻനിർത്തി നടത്തിയ വ്യാപക പ്രചാരണം നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അനുകൂല പ്രതികരണമുണ്ടാക്കിയിരുന്നില്ല. തീവ്രനിലപാടുകളോടു പൊതുസമൂഹത്തിൽ താൽപര്യം കുറയുന്നതിനു സൂചനയായി ഇതിനെ കാണുന്നവരുണ്ട്. എന്നാൽ, തീവ്രനിലപാടുകളിലൂടെ ഭൂരിപക്ഷ സമുദായവുമായുള്ള ആത്മബന്ധം നഷ്ടപ്പെടാതെ സൂക്ഷിക്കുകയാണു വേണ്ടതെന്ന പക്ഷവും ബിജെപിയിൽ ശക്തം.
ഇതേസമയം, മുത്തലാഖ് നിയമവിരുദ്ധമാണെന്നു സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിലാണു സർക്കാർ ബിൽ അവതരിപ്പിക്കുന്നത്. ബില്ലിലെ വ്യവസ്ഥകളെയല്ലാതെ അതു കൊണ്ടുവരുന്നതിനെ ചോദ്യം ചെയ്യാൻ പ്രതിപക്ഷത്തിനാവില്ല. നേരത്തെ ലോക്സഭയിൽ പാസാക്കിയ ബിൽ, പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള രാജ്യസഭയിൽ പാസാക്കാൻ സർക്കാരിനു കഴിഞ്ഞിരുന്നില്ല. തുടർന്ന്, സെപ്റ്റംബറിൽ ഓർഡിനൻസ് പുറപ്പെടുവിച്ചു. അതിനു പകരമുള്ള ബില്ലാണ് ചില ഭേദഗതികളോടെ, ഇപ്പോൾ സഭയിലെത്തുന്നത്.
സർക്കാരിനു ഭൂരിപക്ഷമുള്ള ലോക്സഭയിൽ ബിൽ പാസാക്കിയെടുക്കാൻ ബുദ്ധിമുട്ടില്ല. എന്നാൽ, രാജ്യസഭ തന്നെ വീണ്ടും ശക്തിപരീക്ഷണത്തിനു വേദിയാകും. ഉപരിസഭയിൽ എൻഡിഎയ്ക്ക് അംഗബലം വർധിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ഒന്നിച്ചുനിന്നാൽ ബിൽ അവിടെ വീണ്ടും പരാജയപ്പെടും. അങ്ങനെയെങ്കിൽ അടുത്ത മാസം ശൈത്യകാല സമ്മേളനം അവസാനിച്ചശേഷം വീണ്ടും ഓർഡിനൻസ് കൊണ്ടുവരികയാണു പരിഹാരമാർഗം.
പ്രതിപക്ഷത്തിന്റെ ആശങ്ക
സിവിൽ നടപടികൾ സ്വീകരിക്കേണ്ട വിഷയത്തിൽ ക്രിമിനൽ നടപടിക്രമം പിന്തുടരുന്നതിനോടു പ്രതിപക്ഷം യോജിക്കുന്നില്ല. വിവാഹം, പിന്തുടർച്ച, സ്വത്തവകാശം എന്നീ സിവിൽ വിഷയങ്ങളെ ക്രിമിനൽ നിയമനടപടികളുടെ പരിധിക്കുള്ളിൽ കൊണ്ടുവരുന്നത് ആപൽക്കരവും അപ്രായോഗികവുമാണെന്നും അവർ കരുതുന്നു. പരസ്പരവൈരുധ്യങ്ങളുള്ള നിയമം കോടതിക്കു മുന്നിൽ നിലനിൽക്കില്ലെന്നും പ്രതിപക്ഷം കരുതുന്നു.
മുത്തലാഖ് ബില്ലിലെ (മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബിൽ) മുഖ്യ വ്യവസ്ഥകൾ
∙ മുത്തലാഖിലൂടെ മുസ്‌ലിം വനിതകളെ മൊഴിചൊല്ലാനാവില്ല.
∙ മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റം. എങ്കിലും ഭാര്യയുടെ നിലപാടറിഞ്ഞ ശേഷം ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അധികാരം.
∙ നഷ്ടപരിഹാരം നൽകാൻ ഭർത്താവ് തയാറല്ലെങ്കിൽ മജിസ്ട്രേറ്റ് മുഖേനയും ജാമ്യം ലഭിക്കില്ല.
∙ നഷ്ടപരിഹാരം നിശ്ചയിക്കാൻ മജിസ്ട്രേറ്റിന് അധികാരം.
∙ ഇരയ്ക്കു നേരിട്ടോ ബന്ധുക്കൾ മുഖേനയോ പൊലീസിൽ പരാതി നൽകാം.
∙ അയൽക്കാർക്കും മറ്റുള്ളവർക്കും പരാതിപ്പെടാനാവില്ല.
∙ മജിസ്ട്രേറ്റിന്, ഭാര്യാഭർത്താക്കന്മാർക്കിടയിൽ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കാം. എങ്കിലും ഭാര്യ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിൽ മാത്രമാണ് ഈ വ്യവസ്ഥ ബാധകമാവുക.
∙ മൈനർ കുട്ടികളുടെ കൈവശാവകാശം ഭാര്യയ്ക്ക് അവകാശപ്പെടാം, തീരുമാനം മജിസ്ട്രേറ്റിന്റേത്.