Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടരുത്: തടവുകാരുടെ ശിക്ഷ ഇളവിനെതിരെ ഹൈക്കോടതി

Representative Image
PAPER-CUTTIG

കൊച്ചി ∙ കോടതികൾ വിധിച്ച ശിക്ഷാ കാലാവധി പൂർത്തിയാക്കാതെ തടവുകാരെ വിട്ടയയ്ക്കുന്നതു ഹൈക്കോടതി തടഞ്ഞു. ഇതുസംബന്ധിച്ചു കോടതി തുടർ ഉത്തരവു പുറപ്പെടുവിക്കുംവരെയാണു വിലക്ക്.

തടവുകാർക്കു ശിക്ഷായിളവു നൽകി കൂട്ടത്തോടെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം തടയണമെന്നാവശ്യപ്പെട്ടു തൃശൂർ സ്വദേശി പി.ഡി.ജോസഫ് സമർപ്പിച്ച ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തടവുകാർക്കു ശിക്ഷായിളവു നൽകി വിട്ടയയ്ക്കുന്നതു സംബന്ധിച്ച നിയമവ്യവസ്ഥകൾ വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകണം.

തടവുകാരെ സംബന്ധിച്ച ജയിൽ നിയമാവലിയിൽ ഇതെക്കുറിച്ചു പറയുന്നതെന്താണെന്നും സർക്കാർ നയമുണ്ടെങ്കിൽ അതും അറിയിക്കണം. കേസ് ഏപ്രിൽ 12നു വീണ്ടും പരിഗണിക്കും. കൊലപാതകം, പീഡനം, കൊള്ള, ലഹരിക്കടത്ത് കേസുകളിലെ പ്രതികളെ വിട്ടയയ്ക്കാൻ പട്ടിക തയാറാക്കിയെന്ന മാധ്യമ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു ഹർജി.

സാമൂഹിക വിരുദ്ധരെ ജയിലിൽ നിന്നു വിട്ടയയ്ക്കാനുള്ള സർക്കാർ തീരുമാനം സ്വേച്ഛാപരവും അന്യായവുമാണെന്നു ഹർജിക്കാരൻ ആരോപിച്ചു. രാഷ്ട്രീയ അതിക്രമങ്ങൾ പെരുകുന്നതും മനുഷ്യജീവനും വ്യക്തിസ്വാതന്ത്ര്യത്തിനും ഭീഷണിയേറുന്നതും പൊലീസ്, ജയിൽ അധികാരികൾ പരിഗണിക്കുന്നില്ല. പൗരന്റെ ജീവനും സ്വത്തിനും തുല്യസംരക്ഷണം ഭരണഘടന ഉറപ്പുനൽകുന്നതാണ്.

വിട്ടയയ്ക്കുന്ന തടവുകാരുടെ പട്ടിക ഹാജരാക്കാൻ നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.കേരളപ്പിറവിയുടെ സുവർണജൂബിലിയോടനുബന്ധിച്ച് ഇപ്പോഴുള്ള തടവുകാരിൽ മുക്കാൽ പങ്കിനും ശിക്ഷാ ഇളവു നൽകാനും അതിൽ ഭരണകക്ഷിക്കു വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റാനുമുള്ള ശ്രമമാണു സർക്കാർ നടത്തിയത്.

കൊടുംക്രിമിനലുകളെ നിലനിർത്തി പട്ടിക

ജയിലിൽ സൽസ്വഭാവികളാണെന്നു ചൂണ്ടിക്കാട്ടി 2262 തടവുകാരുടെ പട്ടിക ജയിൽ എഡിജിപി കഴിഞ്ഞ സെപ്റ്റംബറിൽ ആഭ്യന്തരവകുപ്പിനു സമർപ്പിച്ചതോടെയാണു ശിക്ഷാ ഇളവിനുള്ള നീക്കം ആരംഭിച്ചത്. നവംബർ ഏഴിനു മനോരമയാണ് ഇൗ നീക്കം പുറത്തുകൊണ്ടുവന്നത്. ടിപി കേസിലെ 11 കൊലയാളികൾ, മദ്യരാജാവ് മണിച്ചൻ, കാരണവർ വധക്കേസ് പ്രതി ഷെറിൻ, ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം തുടങ്ങിയവരായിരുന്നു പട്ടികയിലെ ‘പ്രമുഖർ.’

മൂന്നംഗ ഉദ്യോഗസ്ഥ ഉപസമിതി പട്ടിക 1850 പേരുടേതായി ചുരുക്കിയെങ്കിലും കൊടുംക്രിമിനലുകളെ നിലനിർത്തി. മന്ത്രിസഭ അംഗീകരിച്ച ഇൗ പട്ടികയാണു നിയമവകുപ്പു കൂടി പരിശോധിക്കണമെന്നു നിർദേശിച്ചു ഗവർണർ തിരിച്ചയച്ചത്. ഇപ്പോൾ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിലുള്ള ഉപസമിതിയുടെ പരിശോധനയിലാണു പട്ടിക. 

Your Rating: