നരിക്കുനി (കോഴിക്കോട്) ∙ മിന്നിയെത്തിയ അംഗീകാരത്തിന് ‘മിന്നാമിനുങ്ങി’നോടു നന്ദി പറയുന്നു സുരഭി ലക്ഷ്മിയും കുടുംബവും. മുത്തശ്ശിയോടുള്ള ഇഷ്ടം കൂടി സ്വന്തം പേരിനൊപ്പം അവരുടെ പേരു ചേർത്ത കൊച്ചുമകളാണു സുരഭി. പയ്യടിയിലെ കുഞ്ഞിടവഴിയിലൂടെ ദേശീയ അവാർഡ് നേടിയ നടിയായി പേരക്കുട്ടി കടന്നു വരുന്നതും കാത്തിരിക്കുകയാണു ലക്ഷ്മി എന്ന മുത്തശ്ശി.
അച്ഛന്റെ നാടായ ചളിക്കോട്ട് നാടോടി സർക്കസുകാർക്കൊപ്പമാണു സുരഭി ആദ്യമായി സ്റ്റേജിൽ കയറിയത്. അവിടുന്നു തുടങ്ങിയ കലായാത്രയാണു ദേശീയ അംഗീകാരത്തിന്റെ തികവിലെത്തിയിരിക്കുന്നത്. അനിൽ തോമസ് സംവിധാനം ചെയ്ത ‘മിന്നാമിനുങ്ങി’ലെ അഭിനയത്തിനാണു മികച്ച നടിക്കുള്ള ദേശീയ അവാർഡ് സുരഭിക്കു ലഭിച്ചത്.
ഇതിലെ അഭിനയത്തിനു സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് നിർണയത്തിൽ പ്രത്യേക ജൂറി പരാമർശം ലഭിച്ചിരുന്നു. മകൾക്കു വേണ്ടി ജീവിതം മാറ്റിവച്ച വിധവയായ ഒരമ്മയുടെ നിലനിൽപിനായുള്ള പൊരുതലിന്റെ കഥയാണ് ഈ ചിത്രം. മികച്ച നടിക്കുള്ള അംഗീകാരം സുരഭിക്കാണെന്നു ടെലിവിഷനിലൂടെ അറിഞ്ഞ ശേഷം കുറേ നേരത്തേക്ക് അമ്മ രാധ നിശ്ശബ്ദയായി.
ഉള്ളിലെ സന്തോഷത്തിന്റെ തിരതള്ളലായിരുന്നു ആ നിശ്ശബ്ദതയ്ക്കു കാരണം. വീട്ടിലെത്തിയവർക്കെല്ലാം അമ്മയും മുത്തശ്ശിയും മധുരം വിതരണം ചെയ്തു. അവാർഡ് വിവരം അറിയുമ്പോൾ സുരഭി ഒമാനിലെ സലാലയിൽ ആയിരുന്നു. സ്റ്റേജ് ഷോയിൽ പങ്കെടുക്കാനായി സഹോദരൻ സുധീഷിനൊപ്പമാണ് ഇന്നലെ പുലർച്ചെ പോയത്.
സുരഭിയിലെ അഭിനയ മികവ് അച്ഛൻ കെ.പി. ആണ്ടി തിരിച്ചറിഞ്ഞു പ്രോൽസാഹിപ്പിച്ചു. മകൾ നല്ലൊരു നടിയാകണമെന്നതായിരുന്നു മരിക്കും വരെ ആ അച്ഛന്റെ ആഗ്രഹം. ക്ലബ്ബുകളുടെ പരിപാടികളും ഉൽസവ കാലത്ത് അമ്പലപ്പറമ്പുകളിലെ നൃത്തവും നാടകവും സുരഭിക്കു പതിവായി മാറി.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കംസവധം നാടകത്തിൽ കൃഷ്ണനായതാണ് അഭിനയ ജീവിതത്തിലെ ആദ്യവേഷം. സംവിധായകൻ ജയരാജിന്റെ ഭാര്യ സബിതയാണു കലോൽസവ വേദിയിൽ വച്ചു സുരഭിയിലെ നടിയെ തിരിച്ചറിയുന്നത്. അങ്ങനെ ജയരാജിന്റെ ബൈ ദ് പീപ്പിളിലുടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു.
അൻപതോളം സിനിമകളിൽ ഇതിനകം വേഷമിട്ടു. കാലടി സർവകലാശാലയിൽ നിന്നു ഭരതനാട്യത്തിൽ ബിരുദവും തിയറ്ററിൽ എംഎയും നേടി. ഭരതനാട്യത്തിൽ ഇപ്പോൾ ഗവേഷണം നടത്തുന്നു. 2010ലും 2016ലും കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചിരുന്നു.
അബുദാബി തിയറ്റർ ഫെസ്റ്റിവൽ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ടെലിവിഷൻ റിയാലിറ്റി ഷോയിൽ ജേതാവായതോടെ കൂടുതൽ അവസരങ്ങൾ സുരഭിയെ തേടിയെത്തിയിരുന്നു. എം80 മൂസ എന്ന ടെലിവിഷൻ ഹാസ്യപരമ്പര കുടുംബസദസ്സുകളിൽ സുരഭിയെ പ്രിയങ്കരിയാക്കി. സലാലയിൽ നിന്നു സുരഭി തിരിച്ചെത്തിയ ശേഷം അവാർഡ്‌ലബ്ധി ആഘോഷമാക്കാനാണു കുടുംബാംഗങ്ങളുടെ തീരുമാനം.