മുംബൈ∙ കോടിക്കണക്കിനു രൂപ സിനിമയിൽനിന്നു നികുതിയിനത്തിൽ സമ്പാദിക്കുന്ന സർക്കാരിനു സിനിമാപ്രവർത്തകർക്കു വേണ്ടി മൂന്നു മണിക്കൂർ പോലും മാറ്റിവയ്ക്കാൻ കഴിയുന്നില്ലെങ്കിൽ അവാർഡ് നൽകുന്നതു നിർത്തണമെന്ന് ഓസ്കർ ജേതാവും സിനിമാ ശബ്ദ ഡിസൈനറുമായ റസൂൽ പൂക്കൂട്ടി. ദേശീയ ചലച്ചിത്ര അവാർഡ് ചടങ്ങു സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് റസൂലിന്റെ പ്രതികരണം. 125 അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം സമ്മാനിച്ചതാണ് വിവാദമായത്. ഇതിൽ പ്രതിഷേധിച്ച് ഒട്ടേറെ വിജയികൾ പുരസ്കാരച്ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
റസൂൽ പൂക്കുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റിൽനിന്ന്:
‘125 ദേശീയ അവാർഡ് വിജയികളെ സംബന്ധിച്ചും അപൂർവസുന്ദരമായ നിമിഷമാണിത് എന്നാണു ബഹുമാനപ്പെട്ട രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞത്. എല്ലാവർക്കും അങ്ങനെയായിരുന്നോ എന്ന കാര്യത്തിൽ സംശയമുണ്ട്. ചിലർക്ക് അതായിരുന്നു. രണ്ടുലക്ഷത്തോളം പേർ നേരിട്ടും അതിലുമേറേ പേർ നേരിട്ടല്ലാതെയും സിനിമാമേഖലയിൽ പ്രവർത്തിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. ശരിയാണ്. പുരസ്കാരച്ചടങ്ങ് ബഹിഷ്കരിച്ച സിനിമാ പ്രവർത്തകർ ആ ഭൂരിപക്ഷത്തിൽ പെടുന്നവരാണ്. അവരാണു സിനിമ യാഥാർഥ്യമാക്കുന്ന തൊഴിലാളികൾ.
അവർ ക്യാമറയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നു, വലിയ ഉപകരണങ്ങളും ലൈറ്റുകളും ചുമക്കുന്നു, ട്രോളികൾ ഉന്തുന്നു... ഒരു ദിവസം 18 മണിക്കൂറിലേറെ ജോലി ചെയ്യുന്നു. 125 വിജയികളിൽ 11 പേർക്കു മാത്രം പുരസ്കാരം നൽകാൻ അങ്ങു തീരുമാനിക്കുമ്പോൾ മാറ്റിനിർത്തപ്പെടുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ സ്വപ്നങ്ങളാണ്, സന്തോഷമാണ് തകർക്കപ്പെടുന്നത്. അങ്ങു പുരസ്കാരം തരുമായിരുന്നെങ്കിൽ മറ്റൊരു ദിവസം വരാൻ അവർ തയാറായേനെ. പക്ഷേ, അങ്ങ് താരമൂല്യമുള്ളവർക്കു മാത്രമാണ് അവാർഡ് നൽകിയത്. പകരം, ചെറുപ്പക്കാരും ആദ്യമായി അവാർഡ് വാങ്ങുന്നവരുമായ 11 പേരെ തിരഞ്ഞെടുത്തിരുന്നുവെങ്കിൽ ഞങ്ങൾ കയ്യടിച്ചേനെ.’