പത്തനാപുരം ∙ വാഴത്തോപ്പിൽ ലോറിയിൽ ഉറങ്ങിക്കിടന്ന ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കടയ്ക്കാമൺ കോളനിയിൽ ബിനു വിലാസത്തിൽ ഗോപി (ആനക്കാരൻ ഗോപി–68) അറസ്റ്റിൽ. കഴിഞ്ഞ രാത്രി 11.30നു നടുക്കുന്ന് പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ലോറിക്കുള്ളിൽ ഉണ്ടായിരുന്ന പണം അപഹരിക്കാനാണ് കൊലനടത്തിയതെന്നു ഗോപി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സഹപ്രവർത്തകനായിരുന്ന ആന പാപ്പാനെ കുത്തിക്കൊന്ന കേസിൽ 13 വർഷം ജീവപര്യന്തം തടവ് അനുഭവിച്ച ഇയാൾക്കെതിരെ ഒട്ടേറെ മോഷണക്കേസുകളും ഉണ്ട്.
മല്ലപ്പള്ളി വെണ്ണിക്കുളം അയ്യൻകോവിൽ വീട്ടിൽ സാജൻ എസ്.പിള്ള 16നു പുലർച്ചെ ഒന്നരയ്ക്കാണു കൊല്ലപ്പെട്ടത്. ഗോപിയെ കൊലപാതകം നടന്ന വാഴത്തോപ്പിലെത്തിച്ചു തെളിവെടുപ്പു നടത്തി. കൃത്യം നടന്ന സ്ഥലത്തിനു സമീപത്തെ സർക്കാർ തടി ഡിപ്പോയ്ക്കുള്ളിലെ കൂറ്റൻ മരുതി മരത്തിനു ചുവട്ടിൽ നിന്നാണു കത്തി കണ്ടെത്തിയത്.
കത്തിയുടെ കവറിൽ ചോരയുടെ പാടുണ്ട്. പുനലൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ഗോപിയെ റിമാൻഡ് ചെയ്തു. പൊലീസ് പറഞ്ഞത്: സംഭവ ദിവസം രാത്രിയിൽ വാഴത്തോപ്പിൽ എത്തിയ ഗോപി എല്ലാവരും പോയ ശേഷം മോഷ്ടിക്കാമെന്ന തീരുമാനത്തിൽ ജംക്‌ഷനിൽ തമ്പടിച്ചു.
ഇവിടെ റോഡരികിൽ ലോറികൾ നിർത്തി ജീവനക്കാർ വിശ്രമിക്കുക പതിവാണ്. മറ്റു ലോറികളിൽ നിന്നു സാജൻ കിടന്നുറങ്ങിയ ലോറി മാറ്റിനിർത്തിയതിനാലാണ് ഇതു മോഷണത്തിനു തിരഞ്ഞെടുത്തത്. ആനയെ കുളിപ്പിക്കാൻ തൊണ്ടു മുറിക്കുന്നതിനും മറ്റുമായി ഗോപി എപ്പോഴും കത്തി കയ്യിൽ കരുതും. കത്തി ഉപയോഗിച്ചു കഴുത്തിൽ വരഞ്ഞതോടെ സാജൻ ബഹളം വച്ചു.
തുടർന്ന് കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. സാജൻ വാഹനത്തിൽ നിന്നു പുറത്തേക്കോടിയതോടെ പണം അപഹരിക്കുന്നതിനു ശ്രമിക്കാതെ മതിൽ ചാടി ഡിപ്പോയ്ക്കുള്ളിൽ കടന്ന ഗോപി മരുതിയുടെ മൂട്ടിൽ കത്തി ഉപേക്ഷിച്ചു വീണ്ടും മതിൽ കടന്നു റോഡിലെത്തി കടയ്ക്കാമണിലേക്കു നടന്നു പോയി.
പാലത്തിനു സമീപത്തെ കടത്തിണ്ണയിൽ അന്നു രാത്രി കിടന്നുറങ്ങി. ആർക്കും സംശയം നൽകാത്ത രീതിയിൽ പരിഭ്രമമില്ലാതെ പെരുമാറി ഓരോ ദിവസവും പിന്നിട്ടു.