തിരുവനന്തപുരം∙ വ്യാജ പട്ടയത്തിലൂടെ തട്ടിയെടുത്ത കടകംപള്ളിയിലെ ഭൂമിയുടെ തണ്ടപ്പേർ ജില്ലാ കലക്ടർ റദ്ദാക്കിയെങ്കിലും യഥാർഥ ഉടമകൾക്കു കരം ഒടുക്കാനുള്ള ഉത്തരവു പുറപ്പെടുവിക്കുന്നതിനെക്കുറിച്ചു തീരുമാനമായില്ല. സിബിഐയുടെ നിർദേശം അനുസരിച്ചാണു തണ്ടപ്പേർ റദ്ദാക്കിയത്.
ശൂന്യമായിക്കിടന്ന 3587–ാം നമ്പർ തണ്ടപ്പേർ ഉപയോഗിച്ച് അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ പേരിൽ 44 ഏക്കർ ഭൂമി തട്ടിയെടുക്കുകയായിരുന്നു. ഇതിൽ 3.80 ഏക്കർ സ്ഥലം സർക്കാരിന്റേതാണ്. ശേഷിക്കുന്ന സ്ഥലത്തിനു നൂറ്റിയൻപതിലേറെ ഉടമകൾ ഉണ്ട്.
തട്ടിയെടുത്തവരും യഥാർഥ ഉടമകളും തമ്മിൽ തർക്കം ഉണ്ടായപ്പോൾ കരം അടയ്ക്കുന്നത് അന്നത്തെ ജില്ലാ കലക്ടർ തടഞ്ഞു. അതിനാൽ ഇനി കരം അടയ്ക്കണമെങ്കിൽ മുൻ ഉത്തരവു പിൻവലിച്ചു കലക്ടർ ഉത്തരവു നൽകണം. വ്യാജ തണ്ടപ്പേരിൽ ഉൾപ്പെടുത്തി റജിസ്റ്റർ ചെയ്ത ഭൂമി കൈമാറ്റങ്ങളും പോക്കുവരവുകളും റദ്ദാക്കണമെന്നു ലാൻഡ് റവന്യു കമ്മിഷണർ നേരത്തേ ശുപാർശ ചെയ്തിരുന്നെങ്കിലും അതു പരിഗണിച്ചില്ല.
പിന്നാലെയാണു സിബിഐ നിർദേശം വന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മുൻ ഗൺമാൻ സലിംരാജ്, മുൻ അഡീഷനൽ തഹസിൽദാരും ഇപ്പോൾ സർവേ ഡയറക്ടറേറ്റിലെ സീനിയർ സൂപ്രണ്ടുമായ ജി.വി.ഹരിഹരൻ നായർ, മുൻ വില്ലേജ് ഓഫിസർ പി.എൽ.സുബ്രമണ്യം എന്നിവർ ചേർന്നു ക്രമക്കേടു നടത്തിയെന്നാണു സിബിഐ കണ്ടെത്തിയത്.