തിരുവനന്തപുരം∙ സർക്കാരിനും പാർട്ടിക്കും എതിരെ നിരന്തരം ഇടയുന്ന സിപിഐ, കോൺഗ്രസുമായി അടുക്കാനുള്ള ശ്രമത്തിലാണോ എന്ന ഗുരുതര സന്ദേഹവുമായി സിപിഎം സംസ്ഥാന കമ്മിറ്റി. സിപിഎം വിരുദ്ധത സൃഷ്ടിക്കാനുള്ള നീക്കം സിപിഐ നടത്തുന്നോയെന്ന ചോദ്യം യോഗത്തിലുയർന്നു.
ആ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കമ്മിറ്റിക്കു നൽകി. മൂന്നാർ വിവാദവും രാഷ്ട്രീയ സാഹചര്യവും വിലയിരുത്തിയ ചർച്ചയിലും കോടിയേരി നൽകിയ മറുപടിയിലുമാണു സിപിഐയെ സംശയമുനയിൽ നിർത്തുന്ന സിപിഎം നീക്കം.
ദേശീയതലത്തിലെ പ്രക്ഷോഭ–പ്രചാരണ പരിപാടികളിൽ കോൺഗ്രസുമായി സഹകരിക്കാമെന്നു സിപിഐ ദേശീയ നിർവാഹകസമിതി തീരുമാനിച്ച കാര്യമാണു കോടിയേരി ചൂണ്ടിക്കാട്ടിയത്. ആ ബന്ധത്തിന് അങ്ങനെ തുടക്കമിട്ടുകഴിഞ്ഞു. അതിനുള്ള അരങ്ങൊരുക്കലാണോ കിട്ടുന്ന അവസരത്തിലെല്ലാം ഇവിടെ നടക്കുന്നതെന്നു സംശയിക്കാവുന്ന സാഹചര്യമാണ്.
സിപിഎമ്മിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്ന നിലയുണ്ട്. അതുവഴി സിപിഎമ്മിനെതിരെയുള്ള വികാരം ഇവിടെ സൃഷ്ടിക്കാനാണോ ശ്രമം? മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതെല്ലാം ചെയ്യുന്നതു സിപിഐയിലെ ഒരു വിഭാഗമാണ്. അണികളിൽ ഭൂരിഭാഗവും ഈ നീക്കങ്ങളോടു യോജിക്കുന്നില്ല.
മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി നടത്തിയ പ്രയോഗങ്ങളെക്കുറിച്ചും വിമർശനമുണ്ടായി. കർശന ഭാഷയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. മുന്നണിയെ പൊളിക്കാനില്ല. ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതു സിപിഎമ്മിന്റെ കടമയാണ് – പുറത്ത് ഏറ്റുമുട്ടലിനില്ലെന്നു സൂചിപ്പിച്ച് കോടിയേരി പറഞ്ഞു.
ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുടെ സങ്കീർണത വിവരിച്ച ജില്ലാസെക്രട്ടറി കെ.കെ.ജയചന്ദ്രൻ അവിടെയും പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ബോധപൂർവമായ നീക്കം നടക്കുന്നതു വിവരിച്ചു.
മൂന്നാറിൽ വീടിനായി മൂന്നും അഞ്ചും സെന്റ് കയ്യേറിയിട്ടുണ്ടെങ്കിൽ തന്നെ ആദ്യം അതു പൊളിക്കാൻ ഇറങ്ങേണ്ട എന്നാണു നയമെന്നു സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. തീരുമാനങ്ങൾ വിശദീകരിക്കാൻ കോടിയേരി ഇന്നു മാധ്യമങ്ങളെ കാണും.
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ സർക്കാരിനെതിരെയുള്ള വിമർശനങ്ങളുടെ പൊള്ളത്തരം തുറന്നു കാണിക്കാനാണു നിർദേശം.
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമാണുണ്ടായതെന്നും എസ്ഡിപിഐ അടക്കമുള്ള കക്ഷികൾ ലീഗിനെ പിന്താങ്ങിയിരുന്നില്ലെങ്കിൽ ഫലം ഇതാകുമായിരുന്നില്ലെന്നും എ.വിജയരാഘവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി.
കാനത്തെ ‘കുത്തി’ കോടിയേരി
ഇടുക്കിയിലെ വൻകിട കയ്യേറ്റങ്ങൾക്കെതിരെയുള്ള സിപിഐ/റവന്യു വകുപ്പു നീക്കങ്ങളിലും സിപിഎം സംസ്ഥാന കമ്മിറ്റിക്കു സംശയം. എൽഡിഎഫും മുഖ്യമന്ത്രി വിളിച്ച യോഗവും തീരുമാനിച്ചതു വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മുൻഗണന നൽകണം എന്നായിരുന്നു.
ടാറ്റയുടെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് എൽഡിഎഫിൽ ചോദിച്ചപ്പോൾ അതു സാധ്യമാകുമോ എന്ന സന്ദേഹത്തിലായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
അതിനു പോയാൽ ഒടുവിൽ ടാറ്റയ്ക്ക് അങ്ങോട്ടു കൊടുക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതൊഴിച്ച് എൽഡിഎഫ് യോഗത്തിൽ നടന്ന മുഴുവൻ ചർച്ചയും മാധ്യമങ്ങളിലൂടെ പുറത്തുവന്നു – കോടിയേരി സിപിഐയെ കുത്തി.