തിരഞ്ഞെടുപ്പ് തോൽവി; സിപിഐ ഹരിപ്പാട്, കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു

ആലപ്പുഴ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് എൽഡിഎഫ് സ്ഥാനാർഥി പരാജയപ്പെട്ടതു മണ്ഡലം കമ്മിറ്റികളുടെ വീഴ്ചയെന്നു സിപിഐ. വീഴ്ച വരുത്തിയ ഹരിപ്പാട്, കാർത്തികപ്പള്ളി മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ട് അഡ്ഹോക് കമ്മിറ്റിക്കു ചുമതല നൽകി. കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന സമിതി അംഗീകാരം നൽകിയ നടപടി ഇന്നലെ ജില്ലാ എക്സിക്യൂട്ടീവ് വിളിച്ചു ചേർത്തു പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിശദീകരിച്ചു.

രണ്ടു മണ്ഡലം കമ്മിറ്റികളെയും യോജിപ്പിച്ചു ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എൻ.സുകുമാരപിള്ളയുടെ നേതൃത്വത്തിലുള്ള അഡ്ഹോക് കമ്മിറ്റിക്കാണു ചുമതല നൽകിയത്. എ.ഷാജഹാൻ ചെയർമാനായ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.പ്രസാദിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നതിൽ മണ്ഡലം കമ്മിറ്റികൾക്കു ഗുരുതര വീഴ്ച പറ്റിയെന്നാണു അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട്.