Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘‘പൊലീസിന് ഉപദേഷ്ടാവില്ല’’

01-tvm-Senkumar-behra-5col ഒപ്പാവാം, ഒപ്പിക്കരുത്: സുപ്രീംകോടതി വിധിയെത്തുടർന്ന് വീണ്ടും പൊലീസ് മേധാവിയായി സ്ഥാനം ഏറ്റെടുക്കുന്ന ഡിജിപി ടി.പി. സെൻകുമാറും ഡിജിപി ലോക്നാഥ് ബെഹ്റയും ഒപ്പിടുന്ന ഫയലിനെച്ചൊല്ലിയുണ്ടായ ആശയക്കുഴപ്പം. സാധാരണ സ്ഥാനമൊഴിയുന്ന ഡിജിപി ഒപ്പിടുന്ന കടലാസിൽ അതിനു താഴെയായാണു സ്ഥാനമേറ്റെടുക്കുന്ന ആളും ഒപ്പിടേണ്ടത്. ഇവിടെ രണ്ടു പേർക്കും രണ്ടു കടലാസുകളാണു നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ സെൻകുമാർ, ബെഹ്റ ഒപ്പിട്ട കടലാസിൽ അതിനു താഴെയായി ഒപ്പിട്ടു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ പൊലീസിന് ഉപദേഷ്ടാവില്ലെന്നു സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ. സംസ്ഥാന സർക്കാരിനു വൻ പ്രഹരമേൽപിച്ച സുപ്രീം കോടതി വിധിയെ തുടർന്നു പൊലീസ് മേധാവിയായി വീണ്ടും നിയമിതനായ സെൻകുമാർ ഇന്നലെ ചുമതലയേറ്റ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘പൊലീസ് ഉപദേഷ്ടാവിനെ വച്ചിരിക്കുന്നതു മുഖ്യമന്ത്രിക്ക് ഉപദേശം നൽകാനാണ്. ഉപദേശം അദ്ദേഹം മുഖ്യമന്ത്രിക്കു നൽകും. പൊലീസിന് ഉപദേഷ്ടാവില്ല. മുഖ്യമന്ത്രി പങ്കെടുത്ത പൊലീസ് യോഗങ്ങളിലാണു രമൺ ശ്രീവാസ്തവ പങ്കെടുത്തത്. അല്ലാതെയുള്ള പൊലീസ് യോഗത്തിൽ അദ്ദേഹം പങ്കെടുത്തതായി അറിവില്ല’– സെൻകുമാർ വിശദീകരിച്ചു.

സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി വീണ്ടും നിയമിച്ചുള്ള ഫയലിൽ മുഖ്യമന്ത്രി വെള്ളിയാഴ്ച രാത്രി ഒപ്പിട്ടിരുന്നു. ഇന്നലെ ഉച്ചയോടെ നിയമന ഉത്തരവിറങ്ങി. ഇനി ആർക്കും അവ്യക്തത ഉണ്ടാകേണ്ടെന്നു കരുതി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായിത്തന്നെ പുനർനിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

ഉത്തരവ് ദൂതൻ വശം അദ്ദേഹത്തിന്റെ ഓഫിസിലെത്തിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം ഓഫിസിലെത്തി ഉത്തരവു കൈപ്പറ്റിയ സെൻകുമാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ ജനറലിന്റെ ചുമതലയൊഴിഞ്ഞു. തുടർന്നു വീട്ടിലേക്കു മടങ്ങി.

മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് അനുമതി തേടിയശേഷം വൈകിട്ടു 4.30ന് ആണു പൊലീസ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്. 11 മാസത്തെ ഇടവേളയ്ക്കും ചരിത്രത്തിൽ ഇടംനേടിയ നിയമ പോരാട്ടത്തിനും ഒടുവിലാണു സെൻകുമാറിനു പദവി തിരികെ ലഭിച്ചത്.
യൂണിഫോം വീണ്ടും ധരിച്ചു പൊലീസ് ആസ്ഥാനത്തെത്തിയ സെൻകുമാർ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം നിലവിലെ മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്ന് അധികാരമേറ്റെടുത്തു. ഒരിക്കൽ അധികാരദണ്ഡ് വാങ്ങി ഈ കസേരയിലെത്തിയിട്ടുള്ള സെൻകുമാർ ഇന്നലെ അതു വീണ്ടും സ്വീകരിക്കുന്ന ചടങ്ങ് ഒഴിവാക്കി. പൊലീസ് മേധാവിയായി നിയമപോരാട്ടത്തിലൂടെ ഒരാൾ മടങ്ങിയെത്തുന്നതു സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. ജൂൺ 30 വരെയാണു സെൻകുമാറിന്റെ കാലാവധി.

സെൻകുമാർ ചുമതലയേറ്റ ചടങ്ങിനുശേഷം മാധ്യമപ്രവർത്തകരോടു പ്രതികരിക്കാതെ ബെഹ്റ മടങ്ങി. അദ്ദേഹത്തെ വിജിലൻസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും ഇന്നലെ ഇറങ്ങി.

ഒപ്പിടേണ്ട കടലാസ് തെറ്റിച്ചു

തിരുവനന്തപുരം∙ പൊലീസ് മേധാവിയായി ചുമതലയേറ്റു ടി.പി.സെൻകുമാർ ഒപ്പിടേണ്ട ആദ്യ കടലാസ് തന്നെ ഉദ്യോഗസ്ഥർ തെറ്റിച്ചു. ചുമതലയൊഴിയുന്ന ഉദ്യോഗസ്ഥൻ അതു രേഖപ്പെടുത്തി ഒപ്പിടുന്ന അതേ രേഖയിലാണു തുടർന്നു ചുമതലയേൽക്കുന്നയാളും ഒപ്പിടേണ്ടത്. ഒരിക്കൽ അധികാരമേറ്റതിനാൽ സെൻകുമാറിന് ഇതു വ്യക്തമായി അറിയാം.

എന്നാൽ ഇന്നലെ ഒപ്പിടുന്നതിനു നൽകിയ കടലാസിൽ അദ്ദേഹത്തിന്റെ പേരു മാത്രം. ഇതു മനസ്സിലാക്കിയ സെൻകുമാർ ഇതൊന്നും അറിയില്ലേയെന്ന് ഓഫിസ് ഉദ്യോഗസ്ഥരോടു ചോദിച്ചു. തുടർന്നു ബെഹ്റ ഒപ്പിട്ട കടലാസ് വാങ്ങി അതിന്റെ കീഴിൽ ചുമതലയേറ്റ ഉദ്യോഗസ്ഥൻ എന്ന നിലയിൽ സെൻകുമാർ ഒപ്പിട്ടു.

പല അഭിപ്രായമുണ്ടെങ്കിലും നിയമനം: മുഖ്യമന്ത്രി

ആലപ്പുഴ ∙ സെൻകുമാർ വിഷയത്തിൽ സുപ്രീം കോടതി വിധി അന്തിമമാണെന്നു താൻ മുൻപേ വ്യക്തമാക്കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നു സർക്കാരിനു നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണു വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ, അത്തരം സംശയങ്ങൾ നിലനിൽക്കില്ലെന്നു കോടതി വ്യക്തമാക്കി. ഇതിനെക്കുറിച്ചു വിവിധ അഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും അതിലേക്കു പോകേണ്ടെന്നാണു തീരുമാനം. അതിനാലാണു സെൻകുമാറിനെ പൊലീസ് മേധാവിയായി നിയമിച്ച് ഉത്തരവിട്ടത് – മുഖ്യമന്ത്രി പറഞ്ഞു.

അന്നു ജയറാം പടിക്കൽ; ഇന്നു സെൻകുമാർ

01-jayaram-padikkal-sc ജയറാം പടിക്കല്‍

സംസ്ഥാന പൊലീസ് മേധാവി സ്ഥാനം നഷ്ടമായതിനുശേഷം തൽസ്ഥാനത്തു തിരികെയെത്തുന്ന രണ്ടാമത്തെയാളാണു ടി.പി. സെൻകുമാർ. 1991–95ൽ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്തു ഡിജിപി ആയിരുന്ന ജയറാം പടിക്കൽ ആണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ആ കസേരയിൽ തിരിച്ചെത്തിയത്. 

1993 ഏപ്രിൽ 22നു ജയറാം പടിക്കൽ ഡിജിപിയായി ചുമതലയേറ്റെങ്കിലും അദ്ദേഹത്തിനെതിരായ വിജിലൻസ് റിപ്പോർട്ട് ചോർന്നതിനെ തുടർന്നു ജൂലൈ 14നു നിർബന്ധിത അവധിയിൽ പ്രവേശിച്ചു. പിന്നീടു പടിക്കലിനെ ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്ട്സിന്റെ ചെയർമാനായി നിയമിച്ചെങ്കിലും അദ്ദേഹം ചുമതലയേൽക്കാതെ അവധിയെടുത്തു.

എങ്കിലും 1994 ഏപ്രിൽ 21നു സർക്കാർ പടിക്കലിനെ വീണ്ടും ഡിജിപിയായി നിയമിച്ചു. ഏപ്രിൽ 30ന് അദ്ദേഹം വിരമിക്കുകയും ചെയ്തു.