Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്.രാജേന്ദ്രനെ ന്യായീകരിച്ച് വൈക്കം വിശ്വൻ

viswan-rajendran

തിരുവനന്തപുരം∙ മൂന്നാർ സംരക്ഷണവുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിൽ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ. രാജേന്ദ്രൻ ഭൂമി കയ്യേറിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു വാദിച്ച വൈക്കം വിശ്വൻ ഏഴു സെന്റ് ഭൂമിയിൽ വീടുവച്ച എംഎൽഎയെയും കുടുംബത്തേയും റോഡിലേക്ക് ഇറക്കിവിടണോ എന്ന ചോദ്യവും ഉന്നയിച്ചു.

കെപിസിസി പ്രസിഡന്റ് എം.എം.ഹസനാണു രാജേന്ദ്രന്റെ കയ്യേറ്റവും കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ ഭിന്നതയും ഉന്നയിച്ചത്. ഹസൻ ആരോപണങ്ങളുന്നയിച്ചുകൊണ്ടിരിക്കെ യോഗത്തിന്റെ അജൻഡയ്ക്കുള്ളിൽ നിന്നു സംസാരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച റവന്യുവകുപ്പിന്റെ നടപടിയെ ഇടതുമുന്നണിയോടൊപ്പം നിൽക്കുന്ന കക്ഷിനേതാക്കളായ ഉഴവൂർ വിജയൻ, കെ.ബി.ഗണേഷ് കുമാർ എന്നിവർ എതിർത്തു. കയ്യേറ്റമൊഴിപ്പിക്കൽ കലക്ടറുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സർക്കാർ സത്യസന്ധതയോടെ പ്രവർത്തിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മതചിഹ്നങ്ങൾ ഉപയോഗിച്ചു സർക്കാർ ഭൂമി കയ്യേറുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവരെ നിയമലംഘകരായി കണക്കാക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. കയ്യേറ്റമൊഴിപ്പിക്കാൻ റവന്യു ഉദ്യോഗസ്ഥർക്കു സ്വാതന്ത്ര്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.