തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഡേ കെയർ കേന്ദ്രങ്ങൾക്കു റജിസ്‌ട്രേഷനും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. നിലവിൽ ഒരു റജിസ്‌ട്രേഷനുമില്ലാതെ ഇത്തരം കേന്ദ്രങ്ങൾക്കു പ്രവർത്തിക്കാമെന്നതാണു സ്ഥിതി. തദ്ദേശസ്ഥാപനത്തിന്റെ ഒരു ലൈസൻസ് മാത്രം മതി. ഈ സ്ഥിതിക്കു മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഡേ കെയർ മേഖലയിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ സാമൂഹികക്ഷേമ വകുപ്പു സെക്രട്ടറിയോടു നിർദേശിച്ചിട്ടുണ്ട്. ഇതിനായി സമിതിയെ നിയോഗിച്ച്, ആ റിപ്പോർട്ടും നടപ്പാക്കുമെന്നു മന്ത്രി വ്യക്തമാക്കി. പി.ടി.തോമസിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
കൊച്ചി പാലാരിവട്ടത്തെ ഡേ കെയർ കേന്ദ്രത്തിൽ ഒന്നര വയസ്സുള്ള കുട്ടിയെ സ്ഥാപനമുടമയായ സ്ത്രീ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു പി.ടി.തോമസിന്റെ സബ്‌മിഷൻ. പാലാരിവട്ടം പ്രശാന്തി ലെയ്നിലെ ‘കളിവീട്’ എന്ന സ്ഥാപനത്തിൽ കഴിഞ്ഞയാഴ്ച നടന്ന മർദനത്തിന്റെ വിവരങ്ങൾ തോമസ് വിശദീകരിച്ചു. മർദനദൃശ്യങ്ങൾ ചൊവ്വാഴ്ചയാണു പുറത്തുവന്നത്. ഇതിനു പിന്നാലെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്യുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്തിരുന്നു.
അറസ്റ്റിലായ കോട്ടയം വടവാതൂർ പുതുപ്പറമ്പിൽ മിനി മാത്യുവിന്റെ (49) ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളി. ഇവർ റിമാൻഡിലാണ്.
ആരോടു ചോദിക്കാൻ
കുട്ടികളെ പരിപാലിക്കുന്ന ഡേ കെയർ സെന്ററുകളും പ്ലേ സ്കൂളുകളും ക്രഷുകളും കിന്റർഗാർട്ടനുകളും സംസ്ഥാനത്തു നിലവിൽ പ്രവർത്തിക്കുന്നത് സർക്കാരിന്റെ അംഗീകാരമോ മേൽനോട്ടമോ നിയന്ത്രണമോ ഇല്ലാതെ. ഇത്തരം എത്ര കേന്ദ്രങ്ങളുണ്ടെന്നോ അവ ഏതു രീതിയിലാണു പ്രവർത്തിക്കുന്നതെന്നോ സർക്കാരിന് അറിയില്ല. വിദ്യാഭ്യാസവകുപ്പാണോ സാമൂഹികനീതി വകുപ്പാണോ തദ്ദേശ വകുപ്പാണോ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതെന്ന കാര്യത്തിലും വ്യക്തതയില്ല.
‘കച്ചവട സ്ഥാപനങ്ങൾ’
ഡേ കെയർ സെന്ററുകൾക്കു പ്രവർത്തനാനുമതി നൽകുന്നതു സംബന്ധിച്ചു നിലവിൽ കൃത്യമായ നിയമമോ നിബന്ധനകളോ ഇല്ല. തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് മാത്രമാണ് ഏക രേഖ. പലതിനും ഈ ലൈസൻസും ഇല്ല. തദ്ദേശസ്ഥാപനങ്ങൾക്കാകട്ടെ, ലൈസൻസ് നൽകാൻ കൃത്യമായ മാർഗനിർദേശങ്ങളില്ല. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം കച്ചവടസ്ഥാപനം തുടങ്ങുന്നതിനു സമാനമായ ലൈസൻസ് ആണു തദ്ദേശസ്ഥാപനങ്ങൾ നൽകുന്നത്.
പറഞ്ഞു, കെയർ ചെയ്തില്ല
ഡേ കെയർ സെന്ററുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ 60 ദിവസത്തിനുള്ളിൽ നിയമഭേദഗതി വരുത്തണമെന്നു കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ നിർദേശിച്ചിരുന്നു. സ്ഥാപനങ്ങൾക്കു ലൈസൻസ് നിർബന്ധമാക്കണം. സ്കൂളുകളോട് അനുബന്ധിച്ചു നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനത്തിനു മാർഗരേഖ തയാറാക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മിഷൻ നിർദേശം നൽകിയിരുന്നു. ഇതു രണ്ടും പാലിക്കപ്പെട്ടിട്ടില്ല.
തല്ലരുത്, തുറിച്ചുനോക്കരുത്
പ്രീ പ്രൈമറി ക്ലാസുകളിലും പ്ലേ സ്കൂളുകളിലും കുട്ടികളെ വടികൊണ്ടോ കൈ കൊണ്ടോ തല്ലുകയോ തുറിച്ചുനോക്കുകയോ മാനസികമായി വിഷമിപ്പിക്കുകയോ ചെയ്യരുതെന്നു നേരത്തേ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതും പാലിക്കപ്പെടുന്നില്ല.
അധ്യാപിക, ആയ, പരിശീലനം
കേന്ദ്രസർക്കാരിന്റെ നിബന്ധനപ്രകാരം ക്രഷുകളിൽ 25 കുട്ടികൾക്ക് ഒരു അധ്യാപികയും ഒരു ആയയും വേണം. അധ്യാപികമാർ ബാലസേവിക കോഴ്സ് പാസായവർ ആയിരിക്കണം. സുരക്ഷിതമായ കെട്ടിടവും കളിസ്ഥലവും കളി ഉപകരണങ്ങളും വേണം. പക്ഷേ, ഇതൊന്നും സ്വകാര്യ ഡേ കെയർ സ്ഥാപനങ്ങൾ പാലിക്കുന്നില്ല.