തിരുവനന്തപുരം∙ പനി മൂലം സംസ്ഥാന ഭരണവും മന്ദതയിൽ. പനി പടർന്നു പിടിച്ചതോടെ സെക്രട്ടേറിയറ്റിലെ ഹാജർനില കുത്തനെ കുറഞ്ഞു. അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥർ പനി ബാധിതരായി ചികിൽസയിലാണ്. സംസ്ഥാനത്തു ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചപ്പനികൾ കൂടുതലായി റിപ്പോർട്ടു ചെയ്യുന്നതും തലസ്ഥാന നഗരത്തിലാണ്.
സർക്കാർ ഓഫിസുകളുടെ പരിസരം മലിനമായി കിടക്കുന്നതിനാൽ പനി കൂടുതൽ വ്യാപിക്കാനും സാധ്യതയുണ്ട്. ശുചീകരണത്തിനു തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നിർദേശിച്ചിരുന്നെങ്കിലും പൂർണമായി നടപ്പായിട്ടില്ല.
പനി ലക്ഷണമുള്ളവരെ ഓഫിസ് മേധാവികൾ നിർബന്ധപൂർവം അവധിയെടുപ്പിക്കുന്നുമുണ്ട്. ശീതീകരിച്ച ഓഫിസ് മുറികളിൽ പനി പടരാനുള്ള സാധ്യത കൂടുതലാണെന്നതു കണക്കിലെടുത്താണിത്. ഡോക്ടർമാർക്കും നഴ്സുമാർക്കും പനി ബാധിച്ചതോടെ പല ആശുപത്രികളിലും ചികിൽസ പ്രതിസന്ധിയിലാണ്.