കള്ളനോട്ട് നിർമാണം: ബിജെപി നേതാവിനെ കസ്റ്റഡിയിൽ വാങ്ങി

കൊടുങ്ങല്ലൂരിൽ രാകേഷിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്ത വ്യാജ നോട്ടുകൾ. ഇന്‍സെറ്റില്‍ രാകേഷ്. (ഫയൽ ചിത്രം)

കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം അഞ്ചാംപരത്തിയിൽ കള്ളനോട്ട് നിർമിച്ച കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് എരാശേരി രാകേഷിനെ (32) കൊടുങ്ങല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കള്ളനോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്റർ വാങ്ങിയ തെക്കേ നടയിലെ കംപ്യൂട്ടർ വിൽപന കേന്ദ്രത്തിലും പേപ്പർ വാങ്ങിയ ചന്തപ്പുര മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ പേപ്പർമാർട്ടിലും എത്തിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി എസ്.അമ്മിണികുട്ടന്റെ അപേക്ഷയെ തുടർന്ന് ഇന്നലെ ഉച്ചയോടെയാണ് രാകേഷിനെ കസ്റ്റഡിയിൽ വിട്ടു നൽകിയത്. മതിലകം സ്റ്റേഷനിലെത്തിച്ചു പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രാത്രി വൈകിയാണ് തെളിവെടുപ്പ് നടത്തിയത്. ജൂൺ പത്തിനാണ് പ്രിന്റർ വാങ്ങിയതെന്നു രാകേഷ് മൊഴി നൽകി.

പത്തു ദിവസത്തേക്കാണ് കസ്റ്റഡിയിൽ അനുവദിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരുമെന്ന് ഡിവൈഎസ്പി പറഞ്ഞു. കേസിൽ ഉൾപ്പെട്ട രാകേഷിന്റെ സഹോദരൻ ബിജെപി– ഒബിസി മോർച്ച കയ്പമംഗലം നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാജീവിനെ കുറിച്ച് പൊലീസിനു വിവരം ലഭിച്ചിട്ടില്ല.

ഇയാളെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് ആയി അന്വേഷണം തുടങ്ങി. മൊബൈൽ കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയെങ്കിലും രണ്ടു ദിവസമായി സ്വിച്ച് ഓഫ് ആണ്. വ്യാഴാഴ്ച രാവിലെയാണ് അഞ്ചാംപരത്തി ഉമാ മഹേശ്വര ക്ഷേത്രത്തിനു സമീപമുള്ള രാകേഷിന്റെ വീട്ടിൽ റെയ്ഡ് നടത്തി 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തത്.

സിഐ പി.സി.ബിജുകുമാർ, എസ്ഐമാരായ മനു വി.നായർ, കെ.ജെ.ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തുന്നത്.