വഡോദര (ഗുജറാത്ത്) ∙ ഒരുകോടിയോളം രൂപയുടെ അസാധുനോട്ടുകൾ കാറിന്റെ ഡിക്കിയിൽനിന്നു പിടിച്ചു. കേന്ദ്രസർക്കാർ അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നഗരത്തിലെ മഞ്ചൽപുർ പ്രദേശത്തുനിന്നാണു പിടികൂടിയത്. ഇതോടനുബന്ധിച്ചു നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വർക്‌ഷോപ് നടത്തുന്ന കിരിത് ഗാന്ധി എന്നയാൾ അസാധുനോട്ടുകൾ മാറിക്കൊടുക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. 99.97 ലക്ഷം രൂപയുടെ നോട്ടുകളുമായി കാർ വരുന്നുണ്ടെന്ന് അറിഞ്ഞയുടൻ പൊലീസ് കാർ തടഞ്ഞ് ഇവ പിടിച്ചെടുക്കുകയായിരുന്നു. കിരിത് ഗാന്ധിയെയും കൂട്ടാളികളായ കർസൻ പർമാർ, രാജേന്ദ്ര രഞ്ജിത് സിങ് രാജ്, മനോജ‌് അലഗ് ചൗഹാൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുമായി ഇടപാടു നടത്തിയിരുന്ന രാജു എന്നൊരാളെക്കൂടി പിടികിട്ടാനുണ്ട്.