സർക്കാരിന്റെ നിസ്സഹകരണം: ഡിഎംആർസി ഓഫിസുകൾ പൂട്ടി

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ നിസ്സഹകരണത്തെത്തുടർന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഓഫിസുകൾ പൂട്ടി. നിലമ്പൂർ നഞ്ചൻകോട് റെയിൽപാതയുടെ സാധ്യതാപഠനം നടത്തിയതിനുള്ള തുക അനുവദിക്കാത്തതും ലൈറ്റ് മെട്രോ പദ്ധതിയെ സംബന്ധിച്ചു സർക്കാർ വ്യക്തമായ തീരുമാനം പറയാത്തതുമാണ് ഓഫിസുകൾ പൂട്ടാനുള്ള കാരണം.

മേൽപാല നിർമാണം ഉൾപ്പെടെയുള്ള പദ്ധതികളിലായി ഏകദേശം 12 കോടിയോളം രൂപ കേരളം ഡിഎംആർസിക്കു നൽകാനുണ്ടെന്നാണു സൂചന. അതേസമയം, തിരുവനന്തപുരത്തു ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായി മേൽപാലം നിർമിക്കാനുള്ള ചുമതല ഡിഎംആർസി ഏറ്റെടുത്തിട്ടുള്ളതിനാൽ ആ യൂണിറ്റ് തുടരും.

സംസ്ഥാന സർക്കാരിന്റെ സഹകരണം തേടി രണ്ടുവട്ടം ഇ.ശ്രീധരൻ കത്തുനൽകിയെങ്കിലും മറുപടി നൽകാൻ പോലും സർക്കാർ തയാറാകാതിരുന്നതിനെത്തുടർന്നാണു രണ്ട് ഓഫിസുകളും ഇന്നലെ വൈകിട്ട് പൂട്ടിയത്. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി ജോലി ചെയ്തിരുന്നവരെ ഡിഎംആർസി മറ്റു പ്രോജക്ടുകളിലേയ്ക്കു മാറ്റും. പ്രതിമാസം 4.5 ലക്ഷം രൂപയോളമാണ് ഡിഎംആർസിക്ക് ഓഫിസ് ചെലവു വന്നിരുന്നത്. സർക്കാർ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കാത്ത സാഹചര്യത്തിൽ ഈ പാഴ്ചെലവ് തുടരേണ്ടതില്ലെന്നു ശ്രീധരൻ തന്നെ നിർദേശിക്കുകയായിരുന്നു.

നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതയുടെ സാധ്യതാപഠനത്തിനായി കഴിഞ്ഞ വർഷമാണ് ഡിഎംആർസിയെ ചുമതലയേൽപിച്ചത്. ശ്രീധരന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടത്തിയ പഠനത്തിനു ശേഷം പദ്ധതി പ്രായോഗികമാണെന്നു ചൂണ്ടിക്കാട്ടി ഡിഎംആർസി വിശദമായ രൂപരേഖ സമർപ്പിച്ചു. പലവട്ടം ആവശ്യപ്പെട്ട ശേഷം കഴിഞ്ഞ ഫെബ്രുവരി 13നു ഡിഎംആർസിക്ക് രണ്ടു കോടി രൂപ അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് ഇറങ്ങിയെങ്കിലും തുക ഇതുവരെ കൈമാറിയില്ല.

ഇതിനിടെ, തലശേരി– മൈസൂരു പാതയെക്കുറിച്ചുള്ള സാധ്യതാപഠനവും ഡിഎംആർസിയെ ഏൽപിച്ചിരുന്നു. പാത അനാദായകരമാണെന്നും റെയിൽവേയുടെ പങ്കാളിത്തം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി ഡിഎംആർസി സർക്കാരിനു റിപ്പോർട്ട് നൽകി. സാധ്യതാപഠനത്തിനുള്ള 50 ലക്ഷം രൂപ സർക്കാർ കൃത്യമായി നൽകുകയും ചെയ്തു.

സംസ്ഥാനത്തിന് ഏറെ പ്രയോജനപ്പെടുന്ന നിലമ്പൂർ–വയനാട്–നഞ്ചൻകോട് പാത നിർമിക്കാൻ സർക്കാരിനു താൽപര്യമില്ലെന്നു ശ്രീധരൻ പരസ്യമായി വിമർശിച്ചിരുന്നു. വിശദ പദ്ധതിരേഖ തയാറാക്കാൻ അനുമതി ലഭിച്ച പാതയായിട്ടും എതിർപ്പുണ്ടാകുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.

വിശദ പദ്ധതി രേഖ(ഡിപിആർ) തയാറാക്കാൻ ആദ്യഘട്ടമായി അനുവദിച്ച രണ്ടു കോടി രൂപ കൈമാറാത്തതിനാൽ സർവേ നടപടികളിൽ നിന്ന് പിൻമാറുകയാണെന്നു കഴിഞ്ഞ ഏപ്രിൽ മൂന്നിനു ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിന് ഡിഎംആർസി കത്തുനൽകിയിരുന്നു. എന്നാൽ, ഒരു വരി മറുപടി പോലും നൽകാൻ സർക്കാർ തയാറായില്ല.

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. കേന്ദ്രസർക്കാർ അനുമതി ലഭിച്ചതിനുശേഷം പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന തണുപ്പൻ നിലപാടിലാണു സംസ്ഥാന സർക്കാർ. കേന്ദ്രാനുമതിക്കു കാത്തുനിൽക്കാതെ പദ്ധതിയുടെ റോളിങ് സ്റ്റോക് ടെൻഡർ ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകണമെന്നു ശ്രീധരൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടിരുന്നു.

കേന്ദ്രത്തിന്റെ അനുമതിക്കു കാത്തുനിന്നാൽ കേന്ദ്രസഹായം ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക അധികച്ചെലവുമൂലം നഷ്ടമാകുമെന്നും അദ്ദേഹം മുന്നറിയിപ്പുനൽകി. ശ്രീധരന്റെ നിർദേശത്തോടു മുഖ്യമന്ത്രി സമ്മതം മൂളിയെങ്കിലും ലൈറ്റ് മെട്രോയുടെ ചുമതല വഹിക്കുന്ന കേരള റാപ്പിഡ് റെയിൽ ട്രാൻസിറ്റ് കോർപറേഷൻ (കെആർടിഎൽ) ഡയറക്ടർ ബോർഡ് യോഗം വിളിക്കാൻ പോലും സർക്കാർ തയാറായിട്ടില്ല.

ലൈറ്റ് മെട്രോയുടെ മുന്നോടിയായി തിരുവനന്തപുരത്തു ശ്രീകാര്യം, ഉള്ളൂർ, പട്ടം, തമ്പാനൂർ എന്നിവിടങ്ങളിലെ മേൽപാലനിർമാണത്തിന്റെ ചുമതല ഡിഎംആർസിക്കാണ് നൽകിയിരിക്കുന്നത്. ഡിഎംആർസി തയാറാക്കിയ രൂപരേഖ സർക്കാർ അംഗീകരിച്ചിരുന്നു. പാലങ്ങളുടെ നിർമാണത്തിനു സ്ഥലമേറ്റെടുപ്പും തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്കു പോലും സർക്കാർ വേണ്ടത്ര താൽപര്യം കാണിക്കാത്ത സാഹചര്യത്തിൽ കോഴിക്കോട് ലൈറ്റ് മെട്രോ സംബന്ധിച്ചു ഡിഎംആർസി അധികൃതർക്കു വലിയ പ്രതീക്ഷയൊന്നുമില്ല.