കൊച്ചി ∙ ലൈറ്റ് മെട്രോ പ്രതിസന്ധിയിൽ ഡിഎംആര്‍സിയുടെ ഭാഗത്തു വീഴ്ചയില്ലെന്ന് തുറന്നുപറഞ്ഞ് ഇ.ശ്രീധരന്റെ വാർത്താ സമ്മേളനം. സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടു മാത്രമാണ് ഡിഎംആർസി ലൈറ്റ് മെട്രോ പദ്ധതിയിൽനിന്ന് പിൻമാറാൻ കാരണമെന്ന് ശ്രീധരൻ വ്യക്തമാക്കി. ഉത്തരവ് പുറത്തിറക്കി 15 മാസം കഴിഞ്ഞിട്ടും കരാർ ഒപ്പിട്ടില്ലെന്നും ശ്രീധരൻ ചൂണ്ടിക്കാട്ടി. ശരിയാക്കാം എന്നു പറഞ്ഞതല്ലാതെ മുഖ്യമന്ത്രി നടപടികളൊന്നും സ്വീകരിച്ചില്ലെന്നും ശ്രീധരൻ വ്യക്തമാക്കി.
കേന്ദ്രാനുമതി ലഭിക്കാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെടുക്കുമെന്ന് അറിയിച്ചിരുന്നു. സംസ്ഥാനം പ്രാഥമിക പ്രവൃത്തി തുടങ്ങാമെന്ന ഉപദേശം സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവിറക്കി 15 മാസം കഴിഞ്ഞിട്ടും കരാര്‍ ഒപ്പിട്ടില്ല, ജോലി തുടങ്ങാനായുമില്ല. പ്രതിമാസം 16 ലക്ഷം രൂപ ചെലവിട്ടാണ് ഡിഎംആര്‍സി ഓഫിസുകള്‍ നടത്തിയത്. മുഖ്യമന്ത്രിയേയും പൊതുമരാമത്ത് മന്ത്രിയേയും പലതവണ നേരില്‍ക്കണ്ടിട്ടും ഒന്നും നടന്നില്ല. ശരിയാക്കാം എന്ന് ആവർത്തിച്ചതല്ലാതെ മുഖ്യമന്ത്രി നടപടികളൊന്നും സ്വീകരിച്ചില്ല – ശ്രീധരന്‍ പറഞ്ഞു.
പദ്ധതിയിൽനിന്ന് പിന്മാറും മുന്‍പ് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും ലഭിച്ചില്ലെന്നും ഇ.ശ്രീധരന്‍ ആരോപിച്ചു. പിന്മാറിയത് ഡിഎംആര്‍സിയുടെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാനാണ്. മുന്നറിയിപ്പില്ലാതെ ഡിഎംആര്‍സിയെ ഒഴിവാക്കാന്‍ നീക്കം ഉണ്ടായതായും ശ്രീധരന്‍ വെളിപ്പെടുത്തി.