കൊഴിഞ്ഞാമ്പാറ ∙ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ നാലു യുവാക്കളിൽ ഒരാൾ മരിച്ചു. മറ്റു മൂന്നു പേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി കൂട്ടാൻ മദ്യത്തിൽ പെയിന്റിൽ ചേർക്കുന്ന തിന്നർ മിശ്രിതം ചേർത്തിരുന്നതായാണു പ്രാഥമിക നിഗമനമെന്നു കൊഴിഞ്ഞാമ്പാറ പൊലീസ് അറിയിച്ചു.
അഞ്ചാംമൈൽ വിവേകാനന്ദ നഗർ പഴണിസ്വാമിയുടെ മകൻ കാർത്തികേയൻ (36) ആണു മരിച്ചത്. പെരുമ്പാറച്ചള്ള കെ.ആനന്ദ് (36), കൊഴിഞ്ഞാമ്പാറ സ്വദേശി എസ്.ജഗദീഷ് (36), ഗോപാലപുരം താവളം സ്വദേശി എ.മുരുകൻ (40) എന്നിവരാണു ചികിൽസയിലുള്ളത്. ഇവർ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
15നു മേനോൻപാറ ബവ്റിജസ് ഔട്ട് ലെറ്റിൽ നിന്ന് ആനന്ദ് മദ്യം വാങ്ങിയതായി പൊലീസ് പറഞ്ഞു. ഉച്ചയ്ക്കുശേഷം മദ്യപിച്ച് അവശനിലയിലായ ഇയാളെ വീട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചു.
ഇതിനിടെ ആനന്ദിന്റെ വീട്ടിലെത്തിയ മറ്റു മൂന്നു പേരും അവിടെയുണ്ടായിരുന്ന ബാക്കി മദ്യം കുടിച്ചു. ഛർദിക്കുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. ഇവരെ നാട്ടുകാർ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെ തുടർന്നു മൂവരെയും പിന്നീടു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മദ്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി എറണാകുളം കാക്കനാട്ടെ ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇവർ വാങ്ങിയ മദ്യത്തിന്റെ ബ്രാൻഡിന്റെ പ്രത്യേക ബാച്ച് വിൽക്കുന്നതു തൽക്കാലം പൊലീസും എകൈസ് വകുപ്പും തടഞ്ഞിട്ടുണ്ട്.
കാർത്തികേയന്റെ വീട്ടിലും വിവിധ സ്ഥലങ്ങളിലും എക്സൈസ് അധികൃതരും പരിശോധന നടത്തി. കാർത്തികേയന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ഈശ്വരിയാണ് അമ്മ. സഹോദരിമാർ: മീന, ഹംസവേണി.