കോട്ടയം∙ ചെറുവള്ളിയിലേക്കു വിമാനത്താവള പദ്ധതി പറന്നിറങ്ങാൻ അനുകൂലമായത് ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ. ചെറുവള്ളിയിലെ ഭൂമിയുടെ ഇപ്പോഴത്തെ കിടപ്പ് എയർപോർട്ട് നിർമാണത്തിന് ഏറ്റവും യോജിച്ച അവസ്ഥയിലാണെന്ന് റവന്യു അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിലുള്ള സമിതി വിലയിരുത്തി. പാരിസ്ഥിതിക പ്രശ്നങ്ങൾ കുറവായിരിക്കുമെന്നതും ചെറുവള്ളിക്കു കൂടുതൽ മാർക്കു കിട്ടാൻ സഹായിച്ചു.
വിമാനത്താവളത്തിലേക്കുള്ള റോഡ് നിർമാണവും ഗതാഗത സൗകര്യങ്ങളുടെ വികസന സാധ്യതകളുമാണു കമ്മിറ്റി പരിഗണിച്ച മറ്റൊരു കാര്യം. ആവശ്യത്തിലധികം സ്ഥലം ലഭ്യമായതിനാൽ വിമാനത്താവളത്തിന്റെ ഭാവിവികസന പ്രവർത്തനങ്ങൾക്കു വേറെ സ്ഥലം തേടേണ്ടി വരില്ലെന്നതും ചെറുവള്ളിക്കു തുണയായി. കണ്ണൂർ വിമാനത്താവളത്തിന്റെ സാധ്യതാ പഠനം നടത്തിയ എയ്കോം ഇന്ത്യ മധ്യതിരുവിതാംകൂറിൽ വിമാനത്താവളം നിർമിക്കാൻ പറ്റിയ സ്ഥലങ്ങളായി പത്തനംതിട്ട ജില്ലയിലെ ളാഹയും എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റുമാണ് കണ്ടെത്തിയത്. ളാഹയിലേതിനെക്കാൾ പാരിസ്ഥിതിക പ്രശ്നങ്ങൾ കുറവ് എരുമേലിയിലാണ്.
വിമാനത്താവള നിർമാണത്തിനു പ്രവാസികളുടെ സഹായത്തോടെ രൂപീകരിച്ച ഇൻഡോ ഹെറിറ്റേജ് ഇന്റർനാഷനൽ എയ്റോപോളിസ് കമ്പനിയും ഗ്ലോബൽ ഇന്ത്യൻ അസോസിയേഷനും ചെറുവള്ളിക്കാണു കൂടുതൽ സാധ്യതയെന്നു നിർദേശിച്ചിരുന്നു.
പേര്– ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട്
സ്ഥലത്തിന്റെ പ്രത്യേകത –ഭൂരിഭാഗം സമതല പ്രദേശം, ചെറിയ കുന്നിൻ പ്രദേശങ്ങൾ, റബർ എസ്റ്റേറ്റ്
നിർദിഷ്ട വിമാനത്താവളവുമായി ബന്ധപ്പെടുന്ന പ്രധാന പൊതുമരാമത്ത് റോഡുകൾ
∙കോട്ടയം–എരുമേലി – പമ്പ
∙എരുമേലി –പമ്പ–തിരുവനന്തുപരം
∙തിരുവല്ല–റാന്നി–എരുമേലി
∙പത്തനംതിട്ട–റാന്നി–എരുമേലി
∙ചങ്ങനാശേരി–മുണ്ടക്കയം–എരുമേലി
∙കൊല്ലം –തേനി ദേശീയ പാത
കേരളത്തിലെ മറ്റു വിമാനത്താവളങ്ങളുടെ ഒൗദ്യോഗിക പേരുകൾ
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം,
കൊച്ചി രാജ്യാന്തര വിമാനത്താവളം,
കോഴിക്കോട് രാജ്യാന്തര വിമാനത്താവളം,
കണ്ണൂർ രാജ്യാന്തര വിമാനത്താവളം