തിരുവനന്തപുരം ∙ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയൻ പോരാളിയുമായ കെ.ഇ. മാമ്മൻ (95) അന്തരിച്ചു. രണ്ടരവർഷമായി ചികിൽസയിലായിരുന്നു. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അന്ത്യം. കുന്നുകുഴി മിരാൻഡ ജംക്ഷനു സമീപം സഹോദര പുത്രൻ വർഗീസ് ഉമ്മന്റെ വീട്ടിൽ പ്രാർഥനയ്ക്കുശേഷം ഇന്നു രണ്ടുമണിക്കു സംസ്കാരം. അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്‌തു.
ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരെ ആഞ്ഞടിച്ച വീറുറ്റ പോരാളിയായിരുന്ന മാമ്മൻ, ഗാന്ധിയൻ ആദർശത്തിലൂന്നി അനീതിക്കും അക്രമത്തിനും മദ്യവിപത്തിനുമെതിരെ ഒട്ടേറെ ഒറ്റയാൾ പോരാട്ടങ്ങൾ നടത്തി. ധീരമായ ഒറ്റയാൾ പ്രതിഷേധങ്ങളുടെ പേരിൽ ‘ഗാന്ധിയൻ നക്സലൈറ്റ്’ എന്ന വിശേഷണവും അദ്ദേഹത്തിനു ലഭിച്ചു. വിവാഹം പോലും ഉപേക്ഷിച്ച് ആദർശജീവിതത്തെ വരിച്ചു. 1921 ജൂലൈ 31നു തിരുവനന്തപുരത്തു കണ്ടത്തിൽ വീട്ടിൽ ജനിച്ച കെ.ഇ. മാമ്മന്റെ പിതാവ് കെ.സി. ഈപ്പൻ, മലയാള മനോരമ പത്രാധിപരായിരുന്ന കെ.സി. മാമ്മൻ മാപ്പിളയുടെ സഹോദരനാണ്.
സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരിക്കെ മനോരമ അടച്ചുപൂട്ടിയപ്പോൾ കെ.സി. മാമ്മൻമാപ്പിളയോടൊപ്പം പൂജപ്പുര ജയിലിലടയ്ക്കപ്പെട്ട കെ.സി. ഈപ്പൻ 1940ൽ അവിടെ വച്ചാണു മരിച്ചത്. കെ.ഇ. മാമ്മന്റെ ആറു സഹോദരങ്ങളും ജീവിച്ചിരിപ്പില്ല. വിദ്യാർഥി കോൺഗ്രസിലൂടെയാണു പൊതുരംഗത്തെത്തിയത്. പിന്നീടു തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തകനായി മാറി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കേൺഗ്രസ് സോഷ്യലിസ്റ്റും പിന്നീടു സോഷ്യലിസ്റ്റുമായി.
സി.പി. രാമസ്വാമി അയ്യരെ വിമർശിച്ചതിനും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതിനും വിദ്യാർഥിയായിരിക്കെ കോളജിൽനിന്നു സസ്പെൻഷനിലാവുകയും, പിന്നീടു ജയിൽവാസമനുഭവിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1952ൽ തിരുവല്ലയിൽനിന്ന് പിഎസ്പി സ്ഥാനാർഥിയായി നിയമസഭയിലേക്കു മൽസരിച്ചു. 1972ൽ സ്വാതന്ത്ര്യസമര സേനാനികൾക്കുള്ള താമ്രപത്രം ലഭിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ആദരാഞ്ജലി അർപ്പിച്ചു.