Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഡ്സ് സ്കൂൾ രാജ്യത്തിനു മാതൃക: നിയമസഭാ കമ്മിറ്റി

Buds school കാസർകോട് പെരിയ മഹാത്മ ബഡ്സ് സ്കൂളിലെത്തിയ നിയമസഭാ സമിതി അധ്യക്ഷ പി.ഐഷാ പോറ്റി എംഎൽഎ, അംഗങ്ങളും എംഎൽഎമാരുമായ കെ.കെ.രാമചന്ദ്രൻ നായർ, ഇ.കെ.വിജയൻ, ഡോ. എൻ.ജയരാജ് എന്നിവരുടെ ചിത്രം മൊബൈലിൽ പകർത്താൻ ശ്രമിക്കുന്ന സ്കൂളിലെ വിദ്യാർഥി.

പെരിയ(കാസർകോട്)∙ മലയാള മനോരമ നല്ലപാഠം പദ്ധതിയുടെ ഭാഗമായി പെരിയയിൽ നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള ബഡ്സ് സ്കൂൾ സംസ്ഥാനത്തിനുതന്നെ മാതൃകയാണെന്നു കുട്ടികളുടെയും സ്ത്രീകളുടെയും അംഗപരിമിതരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

അധ്യക്ഷ പി.ഐഷാ പോറ്റി എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലയിൽ സിറ്റിങ്ങിനെത്തിയ കമ്മിറ്റി അംഗങ്ങൾ പെരിയയിലെ മഹാത്മാ ബഡ്സ് സ്കൂൾ സന്ദർശിക്കാനെത്തിയതായിരുന്നു. ഇതര ജില്ലകളിൽ സർക്കാർ ആരംഭിക്കാനുദ്ദേശിക്കുന്ന ബഡ്സ് സ്കൂളുകൾ ഇതേ നിലവാരത്തിലുള്ളതായിരിക്കണമെന്നു ശുപാർശ ചെയ്യുമെന്ന് ഐഷാ പോറ്റി പറഞ്ഞു.

പഞ്ചായത്ത് അടിസ്ഥാനത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെ ബഡ്സ് സ്കൂളുകൾ ആരംഭിച്ചാൽ ദുരിതമനുഭവിക്കുന്ന കുരുന്നുകളുടെ രക്ഷിതാക്കൾക്കും ആശ്വാസമാകും. സർക്കാരിനു കീഴിലുള്ള സ്ഥാപനത്തെ എത്ര ഭംഗിയായി പരിപാലിക്കാൻ കഴിയ‌ുമെന്നു പെരിയയിലെ മഹാത്മാ മോഡൽ ബഡ്സ് സ്കൂൾ വ്യക്തമാക്കുന്നു.

കുട്ടികളുടെ അമ്മമാർക്കു തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയതും മികച്ച നടപടിയാണ്. ജില്ലയിലെ ഇതര ബഡ്സ് സ്കൂളിലെ ജീവനക്കാരുടെ ശമ്പളക്കുടിശികയുൾപ്പെടെയുള്ള പരാതികൾ തീർപ്പാക്കണമെന്നു സർക്കാരിനോടാവശ്യപ്പെടുമെന്നും അവർ പറഞ്ഞു.

കമ്മിറ്റി അംഗങ്ങളും എംഎൽഎമാരുമായ കെ.കെ.രാമചന്ദ്രൻ നായർ, ഇ.കെ.വിജയൻ, ഡോ. എൻ.ജയരാജ്, ഉദുമ എംഎൽഎ കെ.കുഞ്ഞിരാമൻ, കലക്ടർ കെ.ജീവൻ ബാബു, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായർ, കുടുംബശ്രീ മിഷൻ ജില്ലാ അസി. കോഓർഡിനേറ്റർ ഹരിദാസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.